Friday, October 19, 2012

ഓര്‍മ്മക്കുറിപ്പ്‌......!!!

ഏതോ ഒരു കൌതുകം തോന്നിയപ്പോള്‍ ഇന്ന് പഴയ പത്താം ക്ലാസ്സുകാരന്റെ ഓട്ടൊഗ്രാഫ് ഒന്നെടുത്തു മറിച്ചു നോക്കി. അന്ന് നീ കോറിയിട്ട വാക്കുകള്‍ ഇന്ന് വായിച്ചപ്പോള്‍, പഴയ പതിനാറുകാരന്റെ നിസ്സഹായാവസ്ഥയില്‍ നിന്നും ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് തോന്നിപ്പോയി. മനസ്സില്‍ ഒരു കുളിര്‍മഴയായി നിന്റെ വാക്കുകള്‍ മുഴങ്ങുമ്പോഴും ഒരു തീക്കനല് പോല്‍ നഷ്ടബോധം വേട്ടയാടുകയാണ്.അന്ന് ഞാന്‍ പത്താം ക്ലാസ്സിലും അവള്‍ ഒന്‍പതാം ക്ലാസ്സിലും പഠിക്കുന്നു.അവളുടെ മുഖത്തെ ഉണ്ടകണ്ണുകളും , കവിളിലെ നുണക്കുഴികളും അവളെ എന്നും മനോഹരിയാക്കിയിരുന്നു. കൌമാരത്തിലെ ഒരു ആകര്‍ഷണം എന്നതിനേക്കാള്‍, അന്ന് പ്രണയം എനിക്കതൊരു തമാശ മാത്രമായിരുന്നു.പക്ഷെ ഇന്ന് ഈ പുസ്തകതാളുകള്‍ക്കിടയില്‍ സുഗന്ധം പരത്തുന്ന അവളുടെ ഓര്‍മകളില്‍ ലയിക്കാന്‍ എനിക്ക് കൊതി തോന്നുന്നു. മനസ്സില്‍ സംഘര്‍ഷങ്ങളുടെ പെരുമ്പറ കൊട്ടുകയാണ്.പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈ ഓര്‍മ്മകള്‍ മനസ്സില്‍ ഒരു മഞ്ഞു മഴ പെയ്യിക്കുന്നു. മഞ്ഞുമഴകള്‍ ഇനിയും പെയ്യിക്കുമെങ്കില്‍ ഈ പുസ്തകം ഇനിയും ഈ പെട്ടിയില്‍ തന്നെ കിടക്കട്ടെ .