Tuesday, December 11, 2012

ഒരു മരണം..!!


    അന്നു പതിവിലും വൈകിയാണു അയാൾ ഉറക്കമുണർന്നത്. തലേ ദിവസത്തെ ക്ഷീണം അയാളെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. അറുപതു വർഷത്തോളമായി സ്വന്തം തൊഴിലിനെ ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ടു നടക്കുകയും രാപകലില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ചായക്കടക്കാരനായ അയാൾ ഒരുപക്ഷെ നിങ്ങൾക്കും സുപരിചിതനായിരിക്കും. വീട്ടിൽ നിന്നും അര ഫർലോംഗ് അകലം മാത്രമുള്ള ത്രിശ്ശൂർ റൈൽവെ സ്റ്റേഷനിൽ എന്നും തിരക്കിട്ടോടുന്ന ആയിരമായിരം അപരിചിതരുടെ മുഖങ്ങളിലേക്ക്പ്രതീക്ഷയോടെ മാറി മാറി നോക്കി, ആവി പാറുന്ന ചായപ്പാത്രം സൈക്കിളിൽ കയറ്റിവെച്ച് അയാൾ ഓടിക്കിതച്ചു കൂകിയാർത്തു വരുന്ന തീവണ്ടികളെ സ്വാഗതം ചെയ്യും.  വണ്ടി വന്നാൽ ഒരു മന്ത്രം പോലെ ആവർത്തിച്ചു ഉരുവിടുന്ന പതിവു പല്ലവിയും ഉറക്കെ വിളിച്ചു പറഞ്ഞ് ഓടാൻ തുടങ്ങും. വണ്ടിക്കൊപ്പം…. അതിലും വേഗത്തിൽ….. 
    ചായ…. ചായചായാ….”

   ഇനി അയാളെ കൂടുതൽ പരിചയപ്പെടാം..പേരു വേലായുധൻ. പ്രായം 70 കഴിഞ്ഞിരിക്കുന്നു. അതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ നിന്നു വായിച്ചെടുക്കാം. ഏതൊരു മനുഷ്യനേയും പോലെ തന്നെ സ്വന്തം കുടുംബത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നതിനിടയിൽ ജീവിതം ആസ്വദിക്കാനോ അതെന്തെന്ന് മനസ്സിലാക്കുവാനോ കഴിയാതെ പോയ ഒരുവൻ. ഒറ്റ മകൻ. ആൺകുഞ്ഞ്..! എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞുഭാഗ്യവാൻ….!!” .ചോരക്കുഞ്ഞിനെ തന്റെ വിറക്കുന്ന കൈകളിലേൽപ്പിച്ച് വേർപിരിയുബോൾ ഭാര്യ സുഭദ്രയുടെ മുഖത്തും വേവലാതി ഒട്ടും കണ്ടില്ല. അവളും മനസ്സിൽ കരുതിയിരിക്കണംഭാഗ്യവാൻ”.
    
    ഇക്കാലമത്രയും അയാൾ ജീവിച്ചു തീർത്തത് മകനു വേണ്ടിയാണു. അവനെ പടിപ്പിച്ച് നല്ല നിലയിലാക്കാൻ അയാൾ സ്വന്തം ജീവിതം വേണ്ടെന്നു വെച്ചു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രായമെത്തിയപ്പോൾ  കയ്യിൽ കിട്ടിയതെന്തും വിൽപ്പനചരക്കാക്കുന്ന പുതിയ ലോകത്തിലേക്കു വൻ ഊളിയിട്ടുപോയി. മാസാവസാനം മുറക്കു നടക്കുന്ന ഹൈവേ പോലീസിന്റെ ഹെൽമറ്റ് പരിശോധന പോലെ മാസാമാസം വരുന്ന ഫോൺ വിളികളാണു അവരുടെ ബന്ധം നിലനിർത്തുന്നതു.

    മുഷിഞ്ഞു നാറിത്തുടങ്ങിയ പുതപ്പ് വലിച്ചു മാറ്റുന്നതിനിടെ അയാൾ ക്ലോക്കിൽ നോക്കി. സമയം ആരേയും കാത്തു നിൽക്കാതെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണെന്ന സത്യം മണി ഒൻപതു അടിച്ച ക്ലോക്കിൽ നിന്നും അയാൾ മനസ്സിലാക്കി. കാലത്തിനൊപ്പം കരുത്തും ചോർന്നു തുടങ്ങിയ വൃദ്ധൻ തപ്പിപ്പിടിച്ചെഴുന്നേറ്റു.ഏകാന്തതയുടെ നീരാളി പ്പിടുത്തം ഇന്ന് അയാളെ ഒട്ടും ഉലക്കുന്നില്ലെന്നു തോന്നി. മുഖം തികച്ചും ശാന്തമാണു. പഴകും തോറും ജീർണ്ണിക്കുന്ന വികാരങ്ങളുടെ വേലിയേറ്റമാണല്ലോ ജീവിതം ! കാലം അയാളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

    കാലുകൾ നിലത്ത് ഉറക്കുന്നില്ല. ക്ഷീണം…! വല്ലാത്ത ക്ഷീണം …! ശരീരമാകെ കുഴയുന്നു. മനസ്സിൽ എന്തൊക്കെയോ പന്തികേട് അയാൾക്ക് അനുഭവപ്പെട്ടു. മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് തന്റെ ശരീരത്തെ കാർന്നെടുക്കുന്നതു പോലെ അയാൾക്കു തോന്നി. തപ്പിത്തടഞ്ഞ് അയാൾ തന്റെ കിടക്കയിൽ തന്നെ അഭയം പ്രാപിച്ചു. നെഞ്ചിലെ വേദന കടിച്ചമർത്തുന്നതിനിടയിലും അയാൾ മുഖത്തു പുഞ്ചിരി വിടർത്താൻ ശ്രമിച്ചു. കണ്ണുകൾ പതിയെ അടഞ്ഞു. കാഴ്ച്ച മങ്ങി. കൂവിപ്പാഞ്ഞെത്തുന്ന തീവണ്ടികൾ അയാൾക്കു മുന്നിൽ തെളിഞ്ഞു.  ഇനി യാത്ര.! തന്റെ ജീവിതത്തിനു തിരശ്ശീല വീഴുകയാണെന്ന സത്യം അയാളെ ഒട്ടും അത്ബുതപ്പെടുത്തിക്കാണില്ല.
              **----------------------------------------------------**


    “ വാട്ട് ഹെൽ യു പീപ്പിൾ ആർ ഡൂയിംഗ് ഹിയർ..?? “ ഉറക്കെ ഉയർന്നു കേട്ട ശബ്ദത്തിനു ഉടമ ശങ്കർ. സായിപ്പന്മാർസാൻകർ  എന്നു ഓമനിച്ചു വിളിക്കും. ശരിക്കും പേരു ശങ്കരൻ. പരിഷ്കൃതരുടെ ഇടയിലെത്തിപ്പെട്ടപ്പോൾ അപരിഷ്കൃതമായ പേരിനോടും അതു തനിക്കു ചാർത്തി തന്ന വീട്ടുകാരോടും ഉള്ള അരിശം ഉള്ളീലൊതുക്കി പേരു പരിഷ്കരിച്ച ശങ്കരൻ ഇന്നു ഒരു മൾട്ടി നാഷ്ണൽ കംബനിയിലെ പ്രോജക്റ്റ് ലീഡർ ആണു. നാളെ സബ്മിറ്റ് ചെയ്യണ്ട പ്രോജക്റ്റ് ഇതു വരെ പൂർത്തിയാക്കാൻ കഴിയാത്തതിന്റെ ടെൻഷനിൽ ആണു പുള്ളി. വർക്ക് ചെയ്തില്ലെങ്കിൽ തന്റെ പ്രൊമോഷൻ കയ്യാലപ്പുറതിരിക്കുന്ന തേങ്ങ പോലെയാവുമെന്നു അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ മാനേജരുടെ തെറി വിളികളും ഒരു ഇടി മുഴക്കം പോലെ മനസ്സിൽ ആവർത്തിക്കപ്പെട്ടപ്പോൾ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ടീമിലുള്ള എല്ലാവരേയും കണക്കിനും കണക്കില്ലാതെയും ചീത്ത പറഞ്ഞ്  ഇനിയെന്തു ചെയ്യുമെന്ന വേവലാതിയിൽ തലക്കു കയ്യും കൊടുത്തു കാബിനിൽ ഇരിക്കുംബോളാണു ഇടി വെട്ടേറ്റവനെ പാംബു കടിച്ചു എന്നു പറഞ്ഞതു പോലൊരു ഫോൺ കോൾ.

  “ അച്ചൻ മരണാസന്നനായി കിടക്കുന്നു. ഉടനെ വരുക…”

    ഇതു കേട്ടതും ഷോക്കടിച്ചതു പോലെ അയാൾ വാ പൊളിച്ചു. പുറത്തേക്ക് തള്ളിയ കണ്ണുകൾ ഈറനണിഞ്ഞു. അച്ഛനെ കുറിച്ചോർത്തിട്ടല്ല മറിച്ചു, പ്രോജക്റ്റ് സബ്മിറ്റ് ചെയ്താൽ കിട്ടുമായിരുന്ന സാലറീ ഇൻക്രിമെന്റിനെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത.! ഹൃദയമില്ലാത്തതിനാൽ ഹൃദയാഘാതം വരില്ലെന്നതു ഒരു അനുഗ്രഹമായി അയാൾക്കു തോന്നി. ഒടുവിൽ പ്രതീക്ഷിക്കാതെ പണി തന്ന സ്വന്തം തന്തയെ മനമുരുകി പ്രാകിക്കൊണ്ട് അയാൾ യാത്ര തിരിച്ചു.

               **----------------------------------------------**

    വേലായുദന്റെ വീട്. രാത്രി സമയം. ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിലും നാട്ടുകാർ വിവരമറിഞ്ഞപ്പോൾ മുതൽ വന്നുപോയ്കൊണ്ടിരുന്നു. ഒരു മരണം ലൈവ് ആയി കാണാനുള്ള തിക്കും തിരക്കും. ഇന്നു പ്രസവമായാലും മരണമായാലും ലൈവ് ആണല്ലോ ട്രെന്റ്..! മരിക്കാനോ മരണത്തിൽ നിന്ന് രക്ഷപ്പെടാനോ എന്നു വ്യക്തമല്ലെങ്കിലും കണ്ണീരൊപ്പിക്കൊണ്ടിരിക്കുന്ന സ്ത്രീ ജനങ്ങൾ. മൂക്കിലൂടെയും വായിലൂടെയും വെള്ളം കോരിയൊഴിച്ചു ശ്വാസം മുട്ടിച്ചു ആത്മനിർവൃതി അനുഭവിക്കുകയും മോക്ഷം നൽകാൻ മത്സരിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടർ.  

   ഇവിടേക്കാണു കൂളിംഗ് ഗ്ലാസ് കണ്ണടയും കുട്ടി ട്രൗസറും ധരിച്ച കഥാനായകൻ ശങ്കറിന്റെ വരവ്. ഒരു നിമിഷം പകച്ചു നിന്ന നാട്ടുകാർ പുത്തൻ പണക്കാരന്റെ പെട്ടിയുടെ വലുപ്പം കണ്ടപ്പോൾ അടുത്തേക്കു ഓടിയെത്തി. “ശങ്കർ മോനേ……” തേനും പാലും ഒരുമിച്ചൊഴുകിയ വിളികളിൽ എന്തോ അപകടം അയാൾ മണത്തെങ്കിലും പുറത്ത് പ്രകടിപ്പിച്ചില്ല..! ചലനമറ്റു കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ മുഖത്തു സങ്കടം വരുത്താൻ അയാൾക്ക് ബുദ്ധിമുട്ടേണ്ടിവന്നതുമില്ല. ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും പ്രകടിപ്പിക്കാൻ കഴിവുള്ളവരാണല്ലോ ജീവിതത്തിൽ വിജയിക്കുന്നവർ….!

മരിച്ചിട്ടില്ല. കുറച്ചു വെള്ളം തൊട്ട് കൊടുത്തേക്കു….”

   ജനാർദ്ദനൻ മാഷിന്റെ ശബ്ദം കേട്ടപ്പോൾ യാന്ത്രികമായി അയാൾ അതു ചെയ്തു. അയാളുടെ മനസ്സിൽ മുഴുവൻ പണത്തിന്റെ ത്രസിപ്പിക്കുന്ന ഗന്ധവും നഷ്ടബോധത്തിന്റെ നീറലും ആയിരുന്നു. അവിടെ നിൽക്കുന്തോറും അയാൾക്കാകെ ശ്വാസം മുട്ടുന്നതു പോലെ തോന്നി. എത്രയും പെട്ടെന്ന് തിരികെ പറക്കണം എന്ന് അയാൾ മനസ്സിൽ ആവർത്തിച്ചു.

   സമയം രാത്രി 10 മണി. വീട്ടിലെ തിരക്കെല്ലാം ഒഴിഞ്ഞു. ചില കാരണവന്മാർ മാത്രം ബാക്കിയായി. നിശ്ചലനായി കിടക്കുന്ന തന്റെ പിതാവിനെ ഒരു നിമിഷം നോക്കി നിന്ന അയാൾ  ശരീരത്തിൽ ജീവന്റെ ഒരു ലക്ഷണവും കാണുന്നില്ലെന്ന് ഏറെ പ്രയാസപ്പെട്ട് കണ്ടെത്തി. മനസ്സിൽ നിറഞ്ഞ സന്തോഷം മറച്ചു വെച്ച അയാൾ ഡോക്ടറുടെ സഹായം തേടുന്നതു മോശമായതിനാൽ കണ്ണിനു കാഴ്ചയില്ലാത്ത ചില കാരണവന്മാരുടെ സഹായത്തോടെ മരണം സ്ഥിരീകരിച്ചു.  ഒരു ഗ്രൂപ്പ് ചർച്ചക്കുള്ള അംഗബലം അവിടെ ഇല്ലാതിരുന്നതിനാൽ അടുത്തുള്ള ക്രിമറ്റോറിയത്തിലേക്ക് വിളിച്ച് കാര്യങ്ങൾ ഏർപ്പാട് ചെയ്തു. വെളുത്ത തുണിയിൽ പൊതിഞ്ഞു കെട്ടിയ വൃദ്ധന്റെ ശരീരം ആംബുലൻസിൽ കയറ്റുംബോൾ കണ്ണുകൾ നിറക്കാൻ അയാളൊരു പാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

   യാത്രാമദ്ധ്യേ, കെട്ടിപ്പൊതിഞ്ഞ വെളുത്ത തുണിക്കെട്ടിൽ തന്റെ പിതാവിന്റെ കൈവിരലുകൾ താളാത്മകമായി ചലിച്ചിരുന്നതു അയാൾ കണ്ടില്ലെന്നു നടിച്ചു. അയാളുടെ സിരകളിൽ പണമെന്ന ഭ്രാന്ത് ഒരു കാട്ടുതീ പോലെ പടർന്നു കഴിഞ്ഞിരുന്നു.

          
              **------------------ശുഭം-----------------**

Monday, December 10, 2012

കുംബസാരം...!!!


സുഹൃത്തേ..,
എന്തു ഞാൻ ചെയ്യെണ്ടൂ... കുറ്റബോധത്തിൻ
ഉമിത്തീയിൽ എരിഞ്ഞടങ്ങുന്നതില്ലെൻ ജന്മം.
മനസ്സിൽ എന്തെന്നു പറയുവാൻ കഴിയാത്തൊരീ -
ഭാഷ, വാക്കുകൾ.. ഇന്നശക്തങ്ങളായീടുന്നു.
നാം മാനവർ.. വിലയൊട്ടു മതിക്കുന്നോർ..
കാകനും മാർജ്ജാരനുമില്ലാത്തതെന്തൊക്കെയോ നമുക്കുണ്ടല്ലോ..!
തൻഭാവം.., അഹംഭാവം.., ഇല്ലെനിക്കേതുമേ..
തെല്ലൊരഹങ്കാരമില്ലായ്കയുമില്ലാ..!
എരിഞ്ഞടങ്ങുബോൾ കരിഞ്ഞു പോകുമെല്ലാം
എങ്കിലും അരുതു നിൻ വദനം മിനുക്കാൻ മറന്നീടാൻ..!
കരയുക വെയ്യ..! ചിരിക്കാനാകുന്നില്ല…
ശൂന്യമാണു മനസ്സും ബുദ്ധിയും ഹൃദയവും..
പറയൂ സോദരാ.. എന്തു ഞാൻ നൽകീടേണ്ടൂ
ക്ഷമിക്കുവാനായ് നിനക്കെൻ ജീവനൊ ജീവിതമോ??
 (ഒരു സുഹൃത്തിനോടുള്ള ക്ഷമാപണം..!!)

Wednesday, July 11, 2012

ഫ്ലാഷ് ബാക്ക്


ഇന്നലെ കലാലയത്തില്‍ നിന്നും ഞങ്ങളെ യാത്രയയക്കുന്ന ചടങ്ങ് വളരെ ഭംഗിയായി ഞങ്ങളുടെ അനിയന്മാരും അനിയത്തിമാരും നടത്തി.. ഒരു നിമിഷം പൂമൊട്ട് ചിന്തിച്ചു പോയത് ചിരിക്കണോ കരയണോ എന്നായിരുന്നു ....നീണ്ട മൂന്നു വര്‍ഷം.. അല്ല.... അതൊരു ചുരുങ്ങിയ കാലയലവാണന്നു തോന്നുന്നു ഇപ്പോള്‍.. , എങ്കിലും അത്ര കാലം ഈ കലാലയത്തില്‍ സുഗന്ധം പരത്താന്‍ പ്രയത്നിച്ച ഈ പൂക്കള്‍ അവിടെ കൊഴിഞ്ഞു വീഴുകയാണ് ..

ഇന്നലെയും പ്രഭാതം സുന്ദരമായിരുന്നു...   തലേന്ന് മുഴുവന്‍ ഉറക്കവും ഓര്‍മകള്‍ക്ക് കൊടുത്തതിനാലാവണം അല്പം ക്ഷീണമുണ്ടായിരുന്നു ശരീരത്തിന്... നേരത്തെ എത്തണമെന്ന് മനസ്സില്‍ ഉറപ്പിചിരുന്നെങ്കിലും  , എന്തോ അതിഷ്ടപ്പെടാത്തതിനാലാവണം മഴ തിമര്‍ത്തു പെയ്യുകയായിരുന്നു... ഒടുവില്‍ വിധിയെ ശപിച്ചു കൊണ്ട് ഞാന്‍ സ്വയം സമാധാനിച്ചു മഴ അല്പം വഴി തന്നപ്പോള്‍ പിന്നെ...  ഒട്ടും താമസിച്ചില്ല.. കലാലയത്തിന്റെ പടിക്കല്‍ ഞാന്‍ ഓടിയെത്തി.. എല്ലാവരുടെ മുഖത്തും ഒരു അപരിചിതത്വം എനിക്ക് കാണാമായിരുന്നു.. എന്നാല്‍ എന്റെ കലാലയവും ആ അരമതിലും എന്നെ നോക്കി പുഞ്ചിരി പൊഴിക്കുന്നതായി എനിക്ക് തോന്നി..  കൂട്ടുകാരെല്ലാം ചിരിച്ചു കൊണ്ട് സ്വാഗതം പറഞ്ഞു. ഞാനും ഒരു ചെറു പുഞ്ചിരിയോടെ അവരുടെ ഇടയിലേക്ക് നീങ്ങി.. പലരുടെയും മുഖത്ത് ഉത്ഖണ്ടയുടെ നിഴലുകള്‍ കാണാം.. അടുത്ത കലാലയത്തില്‍ പലരും സ്ഥാനം പിടിച്ചു കഴിഞ്ഞു..  അവരോടൊത്ത്‌ ഭാവിയെപ്പറ്റി  ആശങ്കകള്‍ പങ്കു വെച്ച കുറെ നിമിഷങ്ങള്... ‍അതിനു ശേഷം ഫിസിക്സ്‌ ലൈബ്രറിയിലെ ഇരുണ്ട വെളിച്ചത്തില്‍ ഞങ്ങള്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് ഒരു കയ്യടിയുടെ അകമ്പടിയോടെ ...
ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ആ ഇടുങ്ങിയ ചുമരുകള്‍ക്കുള്ളില്‍ പുസ്തകക്കെട്ടുകള്‍ക്കിടയില്‍ വീണ്ടും കുറച്ചു നേരം ഇരിക്കാനായത് എന്നെ സന്തോഷിപ്പിച്ചു.. ടീചെര്‍സ്  എല്ലാവരും എത്തി.. ഉണ്ണികൃഷ്ണനും മീരയും ചേര്‍ന്ന് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു... പിന്നെ അഭിപ്രായ പ്രകടനങ്ങള്... ‍വിധ്യാര്തികള്‍ എന്ന വാക്കിനു ഞങ്ങള്‍ മാത്രികകളാണ്  എന്ന അഭിപ്രായം മനസ്സിനെ ഏറെ സന്തോഷിപ്പിച്ചു... എല്ലാം സശ്രദ്ധം കേട്ട ശേഷം പഴയ ഓര്‍മ്മകള്‍ അയവിറക്കാന്‍ ഞാന്‍ തന്നെ നിര്‍മ്മിച്ച ഒരു ആല്‍ബം പ്രധര്ശിപ്പിക്കപ്പെട്ടു.. ആല്‍ബം എന്ന് പറഞ്ഞാല്‍ കുറെ നല്ല ചിത്രങ്ങള്‍...    പഴയ ഓര്‍മകളിലേക്ക് ഒരിക്കല്‍ കൂടി ഒരെത്തി നോട്ടം ഒരു ..ഫ്ലാഷ് ബാക്ക്... അതിനു ശേഷം ഭക്ഷണം.. വീണ്ടും അനുഭവങ്ങളുടെ പുസ്തകം തുറക്കുകയായി...    ആരുടേയും മുഖത്ത് സങ്കടം നിഴലിചിരുന്നില്ല എന്നത് എന്നെ ഒട്ടും അത്ബുതപ്പെടുതിയില്ല.  കരഞ്ഞു കലങ്ങിയ കണ്ണുകളോടെ യാത്ര ചോദിച്ചിരുന്ന തലമുറയല്ല ഇത്.. പകരം ഫെസ്ബുകില്‍ കാണാം എന്നും പറഞ്ഞു കൈ കൊടുത്തു പിരിയുന്നവര്... ‍അവസരം എന്നെയും തേടിയെത്തി.. അവ്യക്തമായി എന്തൊക്കെയോ പറഞ്ഞു ഞാന്‍ അവസാനിപ്പിച്ചു ..
അങ്ങനെ ഒരു ദിവസം കൂടി ശ്രീകൃഷ്ണയിലെ കാമ്പസില്‍ ചുറ്റി നടന്നു യാത്ര തിരിച്ചു..  ഇനി ഒരു  മടക്കയാത്ര ഇല്ല... കാലമെത്ര  കഴിഞ്ഞാലും പൂക്കളെത്ര  കൊഴിഞ്ഞാലും ഇനി ഒരു പുനര്‍ജന്മത്തിലല്ലാതെ ഈ  കലാലയത്തിന്റെ സുഗന്ധം ഇത് പോലെ ആസ്വധിക്കനാവില്ല.. ... പലപ്പോഴും അത്ഭുതം തോന്നാറുണ്ട്.. ഞങ്ങള്‍ക്കെങ്ങനെ പിരിയാന്‍ കഴിഞ്ഞു എന്നോര്‍ത്ത്.. കാലം അതിന്റെ വിക്രിതികള്‍  തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.. കാരിരുമ്പിന്റെ മനസ്സുമായി ..

Thursday, June 21, 2012

നന്മയിലേക്ക് നയിക്കട്ടെ....




പൂമൊട്ട് ഇന്ന് വളരെ അസ്വസ്ഥനാണ് ..... ഫേസ് ബുകിന്റെ താളുകള്‍ മറിക്കുന്നതിനിടയില്‍  മുന്നില്‍ വന്നു വീണ ഒരു ചിത്രം പൂമോട്ടിനെ വല്ലാതെ അസ്വസ്ഥനാക്കുന്നു.. when injustice become  low ...., Resistance become a duty  എന്ന ശീര്‍ഷകത്തോട് കൂടി കൊടുത്തിരിക്കുന്ന ചിത്രം എന്നില്‍ വല്ലാത്ത ഒരു ഭയം ഉളവാക്കുന്നു... എന്റെ കലാലയത്തില്‍ എനിക്കൊപ്പം പഠിച്ചിരുന്ന ഒരു സുഹൃത്താണ് പ്രസ്തുത ചിത്രത്തിന്റെ ശില്പി എന്നത് വേദനയുടെയും ഭയത്തിന്റെയും അളവ് കൂട്ടുന്നു.. ടെററിസം എന്ന വാക്ക് പുസ്തകങ്ങളില്‍ മാത്രം കേട്ട് പരിചയിച്ച ഒരു സാധാരണ മലയാളിക്ക് തോന്നാവുന്ന സംശയം... ഇതും അതിന്റെ വിത്ത് തന്നെയോ ?? കമെന്റുകളിലൂടെ നടന്ന സംവാദം ചെന്നെത്തിയത് പാലസ്തീനില്‍ നടന്നു കൊണ്ടിരിക്കുന്നതും ഗുജറാത്തിലും കശ്മീരിലും അയോധ്യയിലും നടന്നതും  ആയ കലാപങ്ങളുടെ വക്കില്.. ‍ എന്റെ വാക്കുകള്‍ക്കു എന്റെ ഉള്ളിലുള്ള വികാരത്തെ , ഭയത്തെ എത്രമാത്രം പ്രകടിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ല... പക്ഷെ അത്രയ്ക്ക് ഭയം എന്നില്‍ നിറഞ്ഞിരുന്നു എന്നതാണ് സത്യം... ഹിന്ദുവോ മുസല്‍മാനോ ക്രിസ്ത്യനോ പാഴ്സിയോ എന്നതിലുപരി നാം ഇന്ത്യനാണ് എന്ന് പറയുന്നതില്‍ അഭിമാനിക്കാനാണ് പൂമോട്ടിനിഷ്ടം ... ഇന്ത്യയെ വിശ്വസിക്കുന്ന , ഇന്ത്യന്‍ നിയമ വ്യവസ്ഥയെ വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരന് , നിയമം കയ്യിലെടുക്കാനുള്ള ഈ ആഹ്വാനത്തില്‍ എങ്ങനെ പങ്കു ചേരാന്‍ കഴിയും..!! മുകളില്‍ പ്രസ്താവിച്ച ഭംഗിയുള്ള വാചകതെക്കാളുപരി എന്നെ പേടിപ്പിച്ചത്‌ ശീര്‍ഷകതിനോപ്പം പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രത്തിന്റെ ഭീകരതയാണ് ...  അത്യാധുനികമായ തോക്കുകളും റോക്കെറ്റ്‌ ലോന്ചെരുകളും കയ്യിലേന്തി നില്‍ക്കുന്ന മുഖം മൂടി അണിഞ്ഞവരുടെ  ചിത്രങ്ങള്‍... ഇരുട്ടിന്റെ മറ പറ്റി ഒളിഞ്ഞു നീങ്ങുന്ന മുഖം മൂടികള്.....തോക്കുകളുടെ ഗര്‍ജനം   എന്റെ കാതുകളില്‍ മുഴങ്ങുന്നത് പോലെ തോന്നുന്നു ... നിയമം കയ്യിലെടുത്തു ജിഹാദിന് വേണ്ടി പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍...

... എന്താണ് ജിഹാദ് ?? പൂമൊട്ട് അര്‍ഥം കണ്ടു പിടിക്കാന്‍ നിഖണ്ടുവില്‍ നോക്കി.... According to the authoritative Dictionary of Islam jihad is defined as: "A religious war with those who are unbelievers in the mission of Muhammad ... enjoined especially for the purpose of advancing Islam and repelling evil from Muslims ." ഇങ്ങനെയാണ് കണ്ടത്... സത്യത്തില്‍ പൂമൊട്ടിനു ഒന്നും മനസ്സിലായില്യ... അതെന്തോ ആവട്ടെ... !! പൊതുവായ അറിവിലേക്കായി പറഞ്ഞു എന്ന് മാത്രം.. പൂമൊട്ട് ചിന്തിച്ചത് ഭാവിയെക്കുറിച്ചാണ് ... പൂമൊട്ടിന്റെ അസ്വസ്തതക്ക് കാരണവും അത് തന്നെ.... മുകളില്‍ പറഞ്ഞ ആഹ്വാനത്തിന് .. അല്ലെങ്കില്‍ വാചകത്തിന് മാന്യതയുടെ ഒരു കവചം തീര്ത്തിട്ടുണ്ട് മാന്യനായ ശില്പി.. പിടിച്ചടക്കാനുള്ള ആഹ്വാനമല്ല അത് .. മറിച്ച്‌ പിടിച്ചു നില്ക്കാന്‍ ... എതിര്‍ത്ത് നില്‍ക്കാനുള്ള ആഹ്വാനം.. നിയമ വ്യവസ്ഥക്ക്  മാന്യമായ വെല്ലുവിളി.. പ്രസ്തുത ശില്പി ഇത്രയൊക്കെ ആലോചിചിടുണ്ടോ എന്നറിയില്ല.. പക്ഷെ ഈ ചിത്രം ഒരാളുടെ മനസ്സിലുണ്ടാക്കുന്ന ചിന്തകള്‍ ഈ വിധമായിരിക്കും.. ഈ ചിന്തകള്‍ തന്നെയല്ലേ മറ്റൊരു വിധത്തില്‍ ഭീകരവാധതിന്റെ തുടക്കം... സ്വന്തം രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ ആണ്   നിയമം കയ്യിലെടുക്കാനുള്ള ചിന്ത വരുന്നത്.. അതിനു വംശീയമായതോ മതപരമായതോ ആയ ഒരു കാരണം കൂടി പറയാന്‍ ഉണ്ടെങ്കില്‍ അത് തന്നെയാണ്  ഭീകരവാധതിന്റെ തുടക്കം... ദൈവത്തിന്റെ സ്വന്തം നാട്ടില്‍.., നമ്മുടെ കൊച്ചു കേരളത്തില്‍.., ഇത്തരം വിത്തുകള്‍ മുളച്ചു കൂടാ..  ഈ ചിന്തകള്‍ ഉടലെടുക്കാന്‍ കാരണങ്ങള്‍ പലതും പലരും പറഞ്ഞു കേട്ടു.. എന്ത് തന്നെയായാലും പൂമൊട്ടിനു ഒന്നേ പറയാനുള്ളൂ... ആയുധങ്ങള്‍ക്ക് ഒരിക്കലും സമാധാനം കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല.. ഇനിയൊട്ടു കഴിയുകയുമില്ല.. പാലസ്തീനുമായി ഇന്ത്യയെ താരതമ്യപ്പെടുത്തി എന്നത് തന്നെ അപലപനീയം എന്നെ പറയാന്‍ കഴിയു... ഇന്ത്യക്ക് മഹത്തായ ഒരു സംസ്കാരമുന്ടെന്നും , ആ അര്‍ഷ ഭാരത സംസ്കാരം വിവേചനങ്ങള്‍ക്ക് അതീതമാണെന്നും തിരിച്ചറിയുക.. അതില്‍ അഭിമാനിക്കുക... ഇന്ത്യയിലെ നിയമങ്ങളും നിയമ വ്യവസ്ഥകളും നമ്മുടെ സംസ്കാരം പോലെ തന്നെ എല്ലാ  വിവേചനങ്ങള്‍ക്കും അതീതമാണ്... മതങ്ങള്‍ മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാവട്ടെ എന്ന് പ്രത്യാശിച്ചു കൊണ്ട്
പൂമൊട്ട്.....

Wednesday, June 20, 2012

ഏകാന്തതയുടെ ആസ്വാദനം ...!!


ആളുകള്‍ ഒഴിഞ്ഞൊരാ വേദിയില്‍ ...
തിരശ്ശീലക്കു  പിറകില്‍  മുഴങ്ങുന്ന  ഗര്‍ജനം ...
നടനം ... , കാണുക ഈ   നടനവൈഭവം ...
നടനാണ്‌ .. നായകനാണ് ..  പിറകില്‍ ... കാണികളില്ലാത്ത തിരശ്ശീലക്കു  പിറകില്‍ ...

ജീവിതത്തിന്‍  കൊച്ചു  തൊട്ടിലില്‍  കാലം ...
എനിക്കായ്  കരുതിയ  താരാട്ട്  പാട്ട് ...
കയ്പ് നിറഞ്ഞ അമ്മിഞ്ഞപ്പാലിന്റെ മണം ...
കിലുക്കകള്‍  കൊഞ്ചുന്ന  ശബ്ദം  ... അസഹനീയം ...!!
വേണ്ട ... എനിക്കുറങ്ങണ്ട ...!!

ആര്‍ത്തിരമ്പുന്ന  കടല്‍ ...
എറിഞ്ഞതെല്ലാം  തിരികെ  തരാനായ്‌  ഓടിതളരുന്ന തിരമാലകള്‍..
മണലിലാഴ്ന്നു  പോയ  കക്കകള്‍ ... അവശിഷ്ടങ്ങള്‍ ...
അടയാളങ്ങളവ... മണ്ണില്‍  പുതഞ്ഞു  പോയ  ജീവിതങ്ങള്‍  തന്‍  അടയാളം ...
എറിഞ്ഞു  കളഞ്ഞ  ജീവിതത്തിന്റെ  തിരിച്ചു  വരവും കാത്തു 
ഇനിയും  ഈ  തീരത്ത് ... തനിയെ.....

Friday, June 15, 2012

ഒരു സ്പിരിട്ടുള്ള ദിവസം...

അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി  കൊണ്ട് വീണ്ടും  ഒരു ദിവസം കൂടി അവസാനിക്കുന്നു... ഇന്നത്തെ ദിവസതിനു വലിയ  പ്രത്യേകതകളുണ്ടായിട്ടോന്നുമല്ല ഇവിടെ ഇത് കുറിക്കുന്നത്... ഫേസ് ബുക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്റെര്‍നെറ്റിലെ  എന്റെ ലോകം  ഒന്ന് കൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോഗിങ്ങിലേക്ക് കൂടി കടക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പേരിനു മാത്രം തുടങ്ങി , നിര്‍ജീവമായി കിടന്നിരുന്ന  ഈ ബ്ലോഗ്‌ സജീവമാക്കാനുള്ള എന്റെ ശ്രമം ഇന്ന് തുടങ്ങുന്നു.. വാടാറായ പൂമൊട്ടിനു വെള്ളവും വളവും കൊടുക്കാന്‍ തീരുമാനിച്ച ദിവസം.. !!!

എന്നത്തേയും പോലെ തന്നെ ഇന്നത്തെയും പ്രഭാതം പൂമൊട്ടിനു ഏറെ പ്രതീക്ഷകള്‍ നല്‍കി വിരിഞ്ഞു... പ്രതീക്ഷകള്‍ പക്ഷെ എന്നത്തേയും പോലെ ഇന്ന് പൂര്‍ണ്ണമായും അസ്ഥാനത്തായില്ല ട്ടോ.. വിരസങ്ങളായ നിമിഷങ്ങള്‍ പകലിനെ വിഴുങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഒരു മോചനത്തിനായി പുറത്തേക്കിറങ്ങി.. കറക്കം ചെന്നവസാനിച്ചത്‌ ഷോര്‍ണൂര്‍ സുമ ടാക്കീസിനു മുന്നില്‍... കുറച്ചു കാലത്തിനു ശേഷം നല്ല ഒരു സിനിമ കണ്ടു എന്ന് പറയാം.. സ്പിരിറ്റ്‌... മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവാണോ രഞ്ജിത്ത് എന്ന മികവുറ്റ കലാകാരന്റെ സംവിധാന മികവാണോ ഈ പ്രസ്താവനക്ക് ആധാരം എന്ന് പറയാനാകില്ല.. എങ്കിലും ഈ സിനിമക്ക് നല്ലൊരു ആശയം ജനമനസ്സുകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം .. സമൂഹത്തെ മാറ്റി മറിക്കാനൊന്നും ഒരു കലാസ്രിഷ്ടിക്കും ( വിശേഷിച്ചു സിനിമക്ക്) കഴിയില്ലെന്ന് അറിയാഞ്ഞിട്ടല്ല... എങ്കിലും ഇത്തരം ഒരു സാമൂഹികമായ പ്രശ്നം പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ എത്ര ലളിതമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഈ സിനിമയുടെ വിജയം... ഏതൊരു കലാകാരനും , കലാസ്രിഷ്ടിയും പൊതു സമൂഹത്തോട് ചെയ്യേണ്ട കടമ നിറവേറ്റപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യം ...

സിനിമാടാക്കീസിലിരുന്നു ഉറക്കെ കൈകളടിച്ച ശേഷം കാഴ്ചയുടെ മധു നുകര്‍ന്ന് അല്ല.. , അയവിറക്കി എന്ന് വേണം പറയാന്‍.. അങ്ങനെ തിരിച്ചു.. മഴ എന്തോ  എനിക്ക് വേണ്ടി ഇന്ന് മുഴുവന്‍ ഒളിച്ചിരുന്നു.. ഇടയ്ക്കു ഒന്ന് രണ്ടു വട്ടം വന്നു എത്തി നോക്കിയെങ്കിലും പെട്ടെന്ന് പേടിച്ചു പിന്മാറി.. പക്ഷെ തിരിച്ചുള്ള യാത്രയില്‍ ഞാന്‍ കൊതിച്ചിരുന്നു.. ഒന്ന് നനയാന്‍... തിരക്ക് പിടിച്ചു പായുന്ന ഈ വാഹന വ്യുഹം കുറച്ചു നേരത്തേക്കെങ്കിലും അപ്രത്യക്ഷമായേനെ..ചൂട് പിടിച്ച ഷോര്‍ണൂര്‍ നഗരമോന്നു തണുതാറിയേനെ ..   ഈ നഗരവും എന്നും കൊതിക്കുന്നുണ്ടാകും.. ആരാണ് ആഗ്രഹിക്കാത്തത്.. മൂര്‍ധാവില്‍ വന്നു വീഴുന്ന മഴത്തുള്ളികള്‍ ശിരസ്സിലൂടെ താഴേക്കു ഒഴുകുമ്പോള്‍ ഒന്ന് കുളിരണിയാന്‍  ...

റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ ബൈക്കെതിയപ്പോള്‍ ഞാന്‍ ഒന്ന് കാതോര്‍ത്തു ..  ചൂളം വിളിയുമായ് ഏതോ ഒരു തീവണ്ടി ,  സ്റ്റേഷന്‍ ലകഷ്യമാക്കി നീങ്ങുന്നു..   തീവണ്ടി കണ്ടപ്പോള്‍ ഓര്‍മകളുടെ താളുകള്‍ ഒരു പാട് പിന്നിലേക്ക്‌ മറിഞ്ഞു കൊണ്ടിരുന്നു.. എന്‍ സി സി യും ക്യാമ്പുകളും ഒക്കെ മനസ്സില്‍ ഒരു വെള്ളിതിരയിലെന്ന പോലെ തെളിഞ്ഞു.. മറക്കാനാവാത്ത ഒരു പാട് നല്ല ഓര്‍മ്മകള്‍... നഗരത്തിലെ തിരക്കില്‍ നിന്നും ഗ്രാമത്തിന്റെ കൊതിപ്പിക്കുന്ന... അല്ല.. ത്രസിപ്പിക്കുന്ന പച്ചപ്പിലേക്ക്.... റബ്ബര്‍ എസ്റ്റെററുകല്‍ക്കിടയിലൂടെ  വളഞ്ഞും തിരിഞ്ഞും യാത്ര.. പാടങ്ങളും തോടുകളും കുളങ്ങളും എല്ലാം പിന്നിടുമ്പോള്‍ ശുദ്ധമായ ഒരു നാടന്‍ പാട്ട് പോലെ നിഷ്കളങ്കമായ ഗ്രാമത്തിന്റെ ഭംഗി ഞാനാസ്വധിക്കുകയായിരുന്നു..

വീട്ടില്‍ തിരിച്ചെത്തിയിട്ടും മനസ്സില്‍ സ്പിരിറ്റ്‌ നിറഞ്ഞു നില്‍ക്കുന്നു.. ആ ലഹരിയിലാണോ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്നും  സംശയമുണ്ട്‌.. എന്ത് തന്നെയായാലും ആ വരികള്‍ മനസ്സില്‍ നിന്ന് മായുന്നെ ഇല്ല....
" മഴ  കൊണ്ട്  മാത്രം  മുളക്കുന  വിത്തുകള്‍  പലതുണ്ട്  മണ്ണിന്‍  മനസ്സില്‍ ...
പ്രണയത്തിനാല്‍ മാത്രം  എരിയുന്ന  ജീവന്റെ  തിരികലുണ്ടാത്മാവിനുള്ളില്‍ .... "