Saturday, December 29, 2012

മരിക്കാനെനിക്കു ഭയമില്ലാ....!


അമ്മേ.., എനിക്കിനിയും ഇതു സഹിക്കുവാൻ വയ്യ. ശരീരം വെന്തുരുകുന്നതു പോലെ.. ഞാൻ ഒരു ഫിസിയോതെറാപിസ്റ്റ് ആകാൻ തീരുമാനിച്ചതു മറ്റുള്ളവരുടെ വേദനയി ആശ്വാസം നൽകാനായിരുന്നു. എന്നാൽ ഇന്നു എന്റെ വേദന കടിച്ചമർത്താൻ പോലും എനിക്കു കഴിയുന്നില്ലല്ലോ.. എന്റെ വിധി എന്താണു ഇങ്ങനെയായിപ്പോയതു?

ഹോ.. വയറ്റിൽ ഇപ്പോഴും വല്ലാത്ത വേദനയാണു.. സഹിക്കുവാനാകുന്നില്ല. ഡോക്ടർമാർ എന്റെ ആന്തരീകാവയവങ്ങൾ കുറെ മുറിച്ചു മാറ്റി അല്ലേ.. 5 തവണയായി എന്നെ കീറിമുറിക്കുന്നു. ഇനിയും ഇതു താങ്ങുവാൻ വയ്യ. ഇനി എനിക്കു സെഡേഷൻ നൽകരുതെന്നു പറയണം. ഒരു പക്ഷെ ഞാൻ ആ മയക്കത്തിൽ നിന്നും ഉണർന്നെന്നു വരില്ല. എനിക്കു മരിക്കണ്ടാ..

ഏതൊരു പീഡനക്കേസിലേയും പോലെ മാധ്യമപ്പട എന്നെ വേട്ടയാടുന്നുണ്ടാവും അല്ലേ…? അവരോട് ഇനിയെങ്കിലും ഇത്തരം ആഘോഷങ്ങൾ അവസാനിപ്പിക്കുവാൻ പറയണം. കേവലം 10 ദിവസം മാത്രം ആയുസ്സുള്ള വാർത്തകൾക്ക് ഒന്നും ചെയ്യാനാവില്ലെന്നതു നമുക്കെല്ലാം ബോധ്യമുള്ള കാര്യമാണു.  എന്റെ സഹോദരിമാർക്കു വേണ്ടി ചുണ്ടുകളനക്കാൻ പോലും എനിക്കു കഴിയുന്നില്ലല്ലോ എന്നു മാത്രമാണു എന്റെ സങ്കടം.. അതും കടിച്ചു കീറിയെടുത്തില്ലേ ആ നരാധമന്മാർ…

 ബോധം പൂർണ്ണമായും നഷ്ടപ്പെടുന്നതിനു മുമ്പ് കാട്ടാളർ ചെയ്തതെല്ലാം എന്റെ മനസ്സിൽ തെളിഞ്ഞു കൊണ്ടിരിക്കുന്നു.. ആശുപത്രിയിലെ മെഷീനുകളുടെ ബീപ് ബീപ് ശബ്ദം എന്നെ അന്നത്തെ ട്രാഫിക്കിനിടയിലേക്കു കൊണ്ടുപോകുന്നു.. ഒരു പെണ്ണായി ജനിച്ചതുകൊണ്ടാണല്ലോ എനിക്കിതെല്ലാം അനുഭവിക്കേണ്ടി വന്നതു എന്നോർക്കുമ്പോൾ പുച്ഛം തോന്നുന്നു.. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയിൽ എന്നും അഭിമാനിച്ചിരുന്ന, ഓരോ സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്ക് ദിനവും മനസ്സു നിറഞ്ഞ് ആഘോഷിച്ചിരുന്ന നാളുകൾ എനിക്കുമുണ്ടായിരുന്നു. അതെല്ലാം എന്തിന്റെ അടിസ്താനത്തിലായിരുന്നു എന്നാണു ഇന്നു ഞാൻ ചിന്തിക്കുന്നതു. സ്വന്തം അമ്മയേയും പെങ്ങളേയും സംരക്ഷിക്കാൻ കഴിയാത്ത ഈ രാജ്യത്തു, ഈ ഭരണകൂടത്തിനും നിയമ വ്യവസ്തക്കും കീഴിൽ എങ്ങനെയാണു നാം ജീവിക്കുന്നതു. 

 അമ്മക്കെന്നെ ഒന്നു കുളിപ്പിക്കാൻ കഴിയുമോ.. എത്ര വെള്ളം നെറുകയിലൊഴിച്ചാലാണു എനിക്കു ഈ നാറ്റം കഴുകിക്കളയാനാകുക? എന്റെ മാനം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ജീവിതവും ഹോമിക്കപ്പെട്ടിരിക്കുന്നു. തിരിച്ചറിവുകൾ വേദനകളാണെങ്കിലും എനിക്കു വാശിയാണു തോന്നുന്നതു.. അനുദിനം ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തിൽ ജീവിക്കുവാൻ ഈ ശരീരം ഒരു കുറവല്ല എന്നു ഞാൻ തിരിച്ചറിയുന്നു.

നിയമം അവരെ എന്തു ചെയ്യുമെന്നോർത്ത് ഞാൻ വ്യാകുലപ്പെടുന്നില്ല. എനിക്കതു വ്യക്തമായി അറിയാം.. സ്ത്രീ അമ്മയാണു പെങ്ങളാണു എന്നു പറഞ്ഞു പഠിപ്പിക്കുമായിരിക്കും. അല്ലെങ്കിൽ 100 തവണ എഴുതിപ്പിക്കുമായിരിക്കും. എന്നിട്ട് റേപ്പ് ചെയ്യുമ്പോൾ വീഡിയോ എടുത്തു സൂക്ഷിക്കേണ്ടതിലെ നിയമ വശങ്ങൾ വിരസമായ ഇടവേളകളിൽ പറഞ്ഞു ചിരിക്കുമായിരിക്കും.  മനുഷ്യാവകാശങ്ങൾ എല്ലാം പാലിക്കപ്പെടേണ്ടതുണ്ടല്ലോ..!

ഓർക്കുംതോറും എന്റെ തലച്ചോറിൽ എന്തൊക്കെയോ പൊട്ടിയമരുന്നതു പോലെ.. എന്റെ ശരീരം കഴുകന്മാർ പോലും കൊത്തിവലിക്കാൻ അറക്കും എന്ന് തോന്നിപ്പോകുന്നു. എന്റെ നിഴൽ പോലും ഒരുപക്ഷേ എന്നെ കാർക്കിച്ചു തുപ്പുമായിരിക്കും. ഞാൻ മരണമടഞ്ഞാൽ എന്റെ ശവം കൂടി ആ കാമഭ്രാന്തന്മാർക്കു നൽകിക്കൊള്ളുക. അവരുടെ കാമാസക്തി അങ്ങനെ ശമിക്കുമെങ്കിൽ ശമിക്കട്ടേ. എന്റെ ശവം കൂടി അവർ ഭക്ഷിക്കട്ടേ.. ഇനിയും എന്നെപ്പോലെ എത്രപേർ ജീവിതത്തിനും മരണത്തിനും ഇടയിൽ ഇങ്ങനെ അവശേഷിക്കും എന്നറിയില്ല. വരും തലമുറക്കെങ്കിലും ഈ ദുർഗതി വരാതിരിക്കാൻ എനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ.. 

മരിക്കാൻ എനിക്കു ഭയമില്ലാ.. എങ്കിലും ജീവിക്കാനെനിക്ക് കൊതിയുണ്ടെന്ന സത്യം മറച്ചു വെക്കുന്നില്ല.. ഞാൻ ജീവിക്കുകയാണെങ്കിൽ ഒരുപക്ഷെ ഇത്തരം ക്രൂരതകൾക്കെതിരേ എനിക്കെന്തെങ്കിലും ചെയ്യാൻ സാധിച്ചേക്കും. അല്ലെങ്കിലൊരുപക്ഷേ ഈ വാർത്തയും ചുരുട്ടിപ്പിടിച്ച പഴയ വർത്തമാന പത്രത്തിന്റെ ഒരു കോണിൽ മാത്രമായി ഒടുങ്ങും എന്നു എനിക്കുറപ്പുണ്ട്.

മരണം എന്നെ മാടി വിളിക്കുന്നതു പോലെ തോന്നുന്നു. മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് എന്റെ ശരീരത്തിൽ അരിച്ചു കയറുന്നുണ്ടോ.. ഇല്ല.. ഞാൻ അങ്ങനെ മരണത്തിനു മുന്നിൽ കീഴടങ്ങില്ല.. എനിക്കൊരുപാട് കാര്യങ്ങൾ ഈ ജന്മത്തിൽ ചെയ്തു തീർക്കാനുണ്ട്. എന്റെ സ്വപ്നങ്ങൾ എന്നെ വിട്ടകന്നു പോകുന്നതു എനിക്കു സഹിക്കാവുന്നതിലും അപ്പുറമാണു. അങ്ങിനെ സംഭവിച്ചാൽ എനിക്കുവേണ്ടി ശബ്ദമുയർത്താൻ പൊതുസമൂഹത്തിനു കഴിയുമോ? എനിക്കു വേണ്ടി എന്റെ വീട്ടുകാർ കരയട്ടേയെന്നു അവർ ചിന്തിക്കുമായിരിക്കും. ഞാൻ അവർക്ക് അന്യയാണല്ലോ.. 

ആരാന്റമ്മക്കു ഭ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേലു എന്നു ചിന്തിക്കുന്നവർ വീടുകളിൽ, ടെലിവിഷനിൽ ദില്ലിയിലെ പീഡനത്തെക്കുറിച്ചു കേട്ട് ചിരിക്കും. അമ്മയെ തച്ചാലും രണ്ടുണ്ട് പക്ഷം എന്നല്ലേ.. പലരും എന്നെ, എന്റെ സ്വഭാവ മഹിമയെ എന്റെ അസമയത്തുള്ള യാത്രയെ, വേഷവിധാനത്തെ പഴിക്കും. എന്നാൽ നന്മ മനസ്സിൽ സൂക്ഷിക്കുന്ന ചിലരെങ്കിലും എനിക്കു വേണ്ടി കണ്ണീരൊഴുക്കും. പ്രതികരിക്കും.. തീർച്ച.

 നെഞ്ചിൽ വേദന ശക്തിപ്പെടുകയാണു. എങ്കിലും മരണവേദനക്കു എന്നെ ഭയപ്പെടുത്താനാകില്ല. അതിനേക്കാൾ ഒരുപാട് വലിയ വേദനകൾ ഞാൻ അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു. മരിക്കും മുൻപ് ഒന്നു കൂടി പറഞ്ഞു കൊള്ളട്ടേ, ഞാൻ നിങ്ങളുടെ സോദരിയാണു. നിങ്ങളുടെ മകളാണു. ഞാൻ നിങ്ങളിലൊരാളാണു.. എനിക്കു വേണ്ടിയല്ല.. നിങ്ങൾക്കു വേണ്ടി പ്രതികരിക്കുക. ഭരണകൂടത്തിനെതിരെയല്ല. ഈ നശിച്ച സാമൂഹിക വ്യവസ്തിതികൾക്കെതിരെ... പഴകി ദ്രവിച്ച അസമത്വ സങ്കൽപ്പങ്ങൾക്കെതിരെ… നന്ദി..!!  

8 comments:

 1. പൂമൊട്ടുകള്‍ വിടരണമെന്ന് നല്ലോണം ആഗ്രഹമുണ്ട്, എന്നാല്‍ ഈയടുത് വായിച്ച എല്ലാ പോസ്റ്റുകളും വല്ലാതെ വേദനിപ്പിക്കുന്നു... ഇനി മനസ് ഒന്ന് ശാന്തമായെ ഞാന്‍ വായനക്കുള്ളൂ....

  നന്നായി എഴുതി ... മനസിനെ തൊട്ടു

  ReplyDelete
  Replies
  1. ആദ്യ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി Rainy Dreams.. എന്തു ചെയ്യാം.. സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതിനു ഇത്തരം പ്രശ്നങ്ങൾക്കെതിരെ നേരെ കണ്ണടക്കാൻ കഴിയുന്നില്ല..മനസ്സിനെ ശാന്തമാക്കുന്ന നല്ല വാർത്തകൾക്കായി കാതോർക്കാം..!

   Delete
 2. ഒരര്‍ഥത്തില്‍ ആ സഹോദരിയുടെ മരണം നന്നായി അല്ലെങ്കില്‍ അവരെ പരിഹാസ കണ്ണുകള്‍ ഇനി ഒരായിരം തവണ പീടിപ്പി ചേനെ പീഡന വാര്‍ഷികം മാധ്യമങ്ങള്‍ ആഘോഷിച്ചേനെ ഇനി അതൊന്നും ഇല്ലാത്ത ഒരു ലോകത്തേക്ക് അവര്‍ യാത്ര യായല്ലോ അവിടെ അവള്‍ സുരക്ഷിതയാണല്ലോ അങ്ങനെ സമാധാനിക്കാം

  ReplyDelete
  Replies
  1. തീർച്ചയായും മൂസാക്കാ.. പക്ഷെ അവൾ അതു കൊതിച്ചിരുന്നില്ലെന്ന് തോന്നുന്നു..! കൊതിയോടെ ജീവിച്ചു തുടങ്ങും മുൻപ് അതുപേക്ഷിച്ചു യാത്രയാകേണ്ടി വരുന്ന അവസ്ത ഇനിയാർക്കും വരാതിരിക്കട്ടെ..! ഇവിടെ വന്നതിലും എഴുതിയതിലും ഒരുപാട് നന്ദി മൂസാക്കാ...

   Delete
 3. നെഞ്ചിൽ വേദന ശക്തിപ്പെടുകയാണു. എങ്കിലും മരണവേദനക്കു എന്നെ ഭയപ്പെടുത്താനാകില്ല.

  സങ്കടപ്പെടുത്തുന്ന വാക്കുകള്‍

  ReplyDelete
 4. വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒത്തിരി നന്ദി അജിത്തേട്ടാ...!

  ReplyDelete
 5. വേദന വേദന മാത്രം.....

  ReplyDelete
  Replies
  1. അതെ.. സത്യങ്ങൾ പലപ്പോഴും വേദനകൾ മാത്രം നൽകാൻ മത്സരിച്ചു കൊണ്ടേയിരിക്കുന്നു...!! വായിച്ചതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും ഒട്ടും നിസാരനല്ലാത്ത നിസാരനു ഒത്തിരി നന്ദി..!!

   Delete

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!