Thursday, January 17, 2013

ഒരു നാടകവും ഒരുപാട് ചോദ്യങ്ങളും....!!!

ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിക്കു മുന്നിൽ ക്രിത്യം 5 മണിക്ക് ഹാജരാകുമ്പോൾ ഒരു വലിയ ആൾക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. വിദേശിയരാണു കൂടുതലെങ്കിലും മലയാളി പ്രേക്ഷകരും ഒട്ടും കുറവല്ല. ഡെലിഗേറ്റ് പാസ്സ് ഉള്ളതിനാൽ തിക്കും തിരക്കുമില്ലാതെ ഉള്ളിലിരിക്കാൻ സീറ്റ് കിട്ടി.ഒന്നു ഉള്ളിലേക്ക് ശ്വാസമെടുത്തു കൊണ്ട് കസേരയിൽ നിവർന്നിരുന്നു.സ്പോട്ട് ലൈറ്റിന്റെ വെളിച്ചം പതുക്കെ കുറഞ്ഞു കുറഞ്ഞ് ഇല്ലാതെയായി..ഇരുപുറവും ഇരിക്കുന്ന സായിപ്പ് ദമ്പതിമാർ ഇവനേതാ ഈ കൊച്ചു പയ്യൻ എന്ന മട്ടിൽ എന്നെ ഒന്നു നോക്കി സായൂജ്യമടഞ്ഞു.  അതിഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം മുഴങ്ങി. ഇനി നാടകം.. കട്ടപ്പന ദർശന തിയെറ്റേർസിന്റെ "ഒഴിവു ദിവസത്തെ കളി".. ഉണ്ണി ആർ ഇന്റെ കഥ, നരിപ്പറ്റ രാജുവിന്റെ രംഗഭാഷ്യം. കൊള്ളാം..  കളി തുടങ്ങി.. ഒരു മണിക്കൂറാണു സമയം.. ഒട്ടും പ്രൊഫഷണൽ അല്ലാത്ത ഒരു കൂട്ടം കലാസ്നേഹികളുടെ സംരംഭം. എങ്കിലും സംവിധാന മികവും അഭിനയ മികവും ഒത്തിണങ്ങിയ നാടകം. നാടകം കഴിഞ്ഞപ്പോൾ ഒരു മണീക്കൂർ കടന്നു പോയി എന്നു വിശ്വസിക്കാൻ ഞാനേറെ പണി പെട്ടു.

ഒറ്റ വാക്കിൽ കേരള കഫേ സിനിമ കാണുന്ന പ്രതീതി. കാഴ്ച്ചക്കാരനോട് നേരിട്ട് സംവദിക്കുന്ന നാടകമെന്ന കലക്ക് പരിമിതികളെ തരണം ചെയ്യാൻ കഴിയുമെന്നും സിനിമയെ വെല്ലുന്ന രീതിയിൽ അവതരണ മികവു പുലർത്താൻ കഴിയുമെന്നും കാണിക്കുകയായിരുന്നു സംവിധായകന്റെ ഈ ശ്രമം.എന്തു തന്നെ അയ്ക്കൊള്ളട്ടേ.. ഈ നാടകം നമുക്കു മുന്നിൽ നിരത്തി വെക്കുന്ന കുറച്ചു കാഴ്ചകളെ , ചോദ്യങ്ങളെ ഞാനിവിടെ പരിചയപ്പെടുത്താം..
വൈധവ്യത്തിന്റെ തീരാവേദനയിൽ മരണം മാത്രം കാത്തു, നീറി നീറി കഴിയുന്ന സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു വിധവയുടെ ചിന്തകളിലേക്കു കണ്ണോടിക്കാം. ദൈവത്തിന്റെ കല്പന പ്രകാരം തന്റെ ദുഖത്തിൽ തന്നെ ആശ്വസിപ്പിക്കാനായി എത്തുന്ന ഇമ്മാനുവൽ എന്ന വ്യക്തിയോട് വികാര നിർഭരമായ ഒരു നിമിഷത്തിൽ എങ്ങിനെ തന്നെ ആശ്വസിപ്പിക്കാനാകും എന്ന് ചോദിക്കുന്ന അവളുടെ ദൈന്യതക്ക് ഉത്തരം നൽകാൻ കഴിയാതെ ഇമ്മാനുവൽ പതറുന്നു. "എന്റെ ഭാര്യ ജീവിച്ചിരിക്കേ നിന്നെ ഞാൻ മാറോടണക്കുന്നതു തെറ്റല്ലേ" എന്നയാൾ മറുചോദ്യമാരാഞ്ഞപ്പോൾ തെറ്റാണെങ്കിലും രണ്ട് പേർ ചേർന്നു നിൽക്കുമ്പോൾ ഉള്ള ഈ ചൂടിനെ ഞാൻ ഇഷ്ടപ്പെടുന്നു എന്ന മറുപടിയിലൂടെ പെണ്മനസ്സ് തുറന്നു കാണിക്കുന്നു നാടകകൃത്ത്.
ഇന്നും സ്ത്രീകളുടെ രണ്ടാം വിവാഹവും വിവാഹമോചനവുമെല്ലാം വളരെ മോശമാണെന്നും തെറ്റാണെന്നും വിശ്വസിക്കുന്ന കേരളീയ സമൂഹത്തിനു മുന്നിൽ സ്ത്രീയെ എന്നും കൂച്ചുവിലങ്ങിട്ട് അടുക്കളക്കുള്ളിൽ തളക്കാൻ ശ്രമിക്കുന്ന പുരുഷ വർഗ്ഗത്തിനു മുന്നിൽ ഇതൊരു ചോദ്യമായി അവശേഷിക്കും.വൈധവ്യം ഒരു ശാപമായി പേറി നടക്കുന്ന ഒരുപാടു പേർ നമുക്കിടയിൽ തന്നെയുണ്ട്. ജാതകദോഷമെന്ന് മുദ്ര കുത്തപ്പെട്ടവർ... ചിന്തകൾ എവിടെയോ ഉടക്കി നിന്നപോഴേക്കും നാടകം മറ്റൊരു കഥയിലേക്ക് തെന്നിമാറിയിരുന്നു.

ഓഫീസിലേയും വീട്ടിലേയും സമൂഹത്തിലേയും തിരക്കിട്ട ജീവിത സാഹചര്യങ്ങളെ ഹാസ്യത്തിന്റെ മേൻപൊടിയോടെ പരിഹസിക്കുകയായിരുന്നു കൃഷ്ണൻ എന്ന ഉദ്യോഗസ്തന്റെ കഥാപാത്രത്തിലൂടെ കഥാകാരൻ.. ഈ ഓട്ടപ്പാച്ചിലിനിടയിൽ ഒന്നുറക്കെ കൂവാൻ പോലും തനിക്കു സ്വാതന്ത്ര്യമില്ലെന്ന യാഥാർത്ഥ്യം വിളിച്ചു പറയുകയാണു കൃഷ്ണൻ. ഒന്നു കൂവാൻ ആഗ്രഹിക്കുന്ന അയാളെ സമൂഹം ഭ്രാന്തനെന്ന് മുദ്ര കുത്തന്നു. സ്വയം വിശ്വാസം നഷ്ടപ്പെടുന്നതോടെ അയാൾ മാനസികാശുപത്രിയിലെത്തുന്നു. സ്വന്തം വ്യക്തിത്വം മറന്ന് , ഇഷ്ടാനിഷ്ടങ്ങൾ മറന്ന് ആർക്കോ വേണ്ടി ജീവിക്കുന്ന മനുഷ്യന്റെ തിരക്കു പിടിച്ച ജീവിതത്തെ പരിഹസിക്കുന്നു കഥാകൃത്ത്..ഒന്നു ചിന്തിച്ചാൽ കൃഷണന്റെ അതേ അവസ്തയാണു നാം ഓരോരുത്തരും അനുഭവിക്കുന്നത്. ഓഫീസ് റൂമിൽ ജോലിക്കിടയിൽ ഒന്നു കൂവാൻ തോന്നിയാൽ.., ഒരു പൊതു സ്തലത്തു വെച്ചു, നാലാളു കൂടുന്ന കവലയിൽ വെച്ച് ഒന്നു കൂവാൻ തോന്നിയാൽ ആഗ്രഹം മനസ്സിലൊതുക്കി കടിച്ചു പിടിക്കാനേ നമുക്കു കഴിയൂ..എല്ലാ സ്വാതന്ത്ര്യവുമുണ്ടായിട്ടും ഒരു നോക്കുകുത്തിയായി നിൽക്കേണ്ടി വരുന്ന മനുഷ്യന്റെ ശോചനീയാവസ്ത വരച്ചു കാണിക്കുകയല്ലേ നാടകകൃത്ത്..!!!

ഒരുപാട് പ്രാർത്ഥനകൾക്കൊടുവിൽ ദൈവം കനിഞ്ഞു നൽകിയ പെൺകുഞ്ഞിനെ കഴുകൻ കണ്ണുകളുള്ള വേട്ടക്കാരിൽ നിന്നും സരക്ഷിക്കാൻ കഴിയാതെ പോയ ത്രേസ്യയുടേയും ജോസഫിന്റെയും കഥ, ദില്ലിയിലേതടക്കം നമുക്കു ചുറ്റും നടമാടിക്കൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷയോട് ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഒന്നായിരുന്നു. എത്ര ജാഗ്രത പുലർത്തിയിട്ടും കൈവഴുതിപ്പോയ പൊന്നുമകളുടെ ജീവിതം ഇനി ശൂന്യമാണെന്ന തിരിച്ചറിവിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്ന വീട്ടുകാർ സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുമോ..!!!

മതപൗരോഹത്യത്തിന്റെയും മതഭ്രാന്തിന്റേയും ഇരയാകുന്ന, മക്കളില്ലാത്ത കുഞ്ഞുചേട്ടനും പെണ്ണമ്മയും ഉണ്ണീയേശുവിനെ സ്വന്തം മകനായി കണ്ട് ലാളിച്ചിട്ടും ക്രൂശിക്കപ്പെടുന്നു. .. നിലാവിൽ നടക്കാനിറങ്ങിയ ബാദുഷ എന്നയാൾ തീവ്രവാദിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും പോലീസുകാരുടെ ചവിട്ട് കൊണ്ട് മരിക്കുകയും ചെയ്യുന്നു.. കഥകൾക്കുള്ളിൽ കഥകൾ നിറച്ചുകൊണ്ട് നാടകം മുന്നോട്ട് നീങ്ങുന്നു...
ഉണ്ണിയും കൂട്ടുകാരും ഒരു ഒഴിവു ദിവസത്തിൽ കള്ളനും പോലീസും (കടലാസിൽ രാജാവ്, മന്ത്രി, പുരോഹിതൻ ......, പോലീസ്,കള്ളൻ എന്നിങ്ങനെ എഴുതി നറുക്കെടുത്ത് കളിക്കുന്ന കളി.) കളിക്കുകയും പോലീസായി നറുക്കു വീണ ഉണ്ണി കള്ളനെ കണ്ടു പിടിക്കാൻ ശ്രമിക്കുന്നതിനിടെ എല്ലാവരുടേയും ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലുകയും സത്യങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതിലൂടെയാണു കഥ മുന്നോട്ട് പോകുന്നത്.പോലീസിനു തെറ്റു പറ്റി രാജാവിനെ കള്ളനാക്കിയാൽ 7 ചാട്ടയടി, സ്ഥാനക്രമമനുസരിച്ച് മന്തിയെ കള്ളനാക്കിയാൽ 6 ചാട്ടയടി, എന്നിങ്ങനെ ശിക്ഷയും വിധിക്കുന്നു.

യാഥാർത്ഥ്യവും അയതാർത്ഥ്യവും തിരിച്ചറിയാനാകാതെ അയാൾ കുഴങ്ങുന്നു. ബാദുഷയുടെ മരണത്തിനുത്തരവാധിയായ പോലീസുകാരനെ ചൂണ്ടി കള്ളനെന്ന് ആക്രോശിച്ചപ്പോൾ  തന്റെ നറുക്ക് രാജാവിന്റേതാണെന്നും തെറ്റിപ്പറഞ്ഞ ഉണ്ണീക്കു ചാട്ടവാർ പ്രഹരം നൽകണമെന്നും അയാൾ വാദിക്കുന്നു.  ജീവിതത്തിലെ കള്ളന്മാർ കളിയിലെ  അധികാരികളായപ്പോൾ ഏതാണു യാഥാർത്ഥ്യം എന്നു തിരിച്ചറിയാനാകാതെ ഉണ്ണി പകച്ചു നിൽക്കുന്നു.. ആർക്കാണു തെറ്റിയതെന്ന ചോദ്യം കാഴ്ച്ചക്കാരനിൽ അവശേഷിക്കുമ്പോൾ സ്ത്രീകളും സാധുക്കളായ മറ്റുള്ളവരും രക്തവും വിയർപ്പും ചാലിച്ചു കൊടുത്ത് അധികാരി വർഗ്ഗത്താൽ കുരിശിൽ തറക്കപ്പെട്ട ഉണ്ണിയുടെ  ദാഹം ശമിപ്പിക്കുന്നു.

നാടകത്തിനു തിരശ്ശീല വീഴുമ്പോഴും  എന്റെ മനസ്സിൽ കളി തുടരുകയായിരുന്നു.ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ മനസ്സിൽ ഉടലെടുക്കുകയായിരുന്നു. കുരിശിൽ തറക്കപ്പെട്ട ഉണ്ണിയുടെ , സത്യത്തിന്റെ മുഖം മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. അസ്വസ്ഥമായ മനസ്സോടെ പുറത്തേക്കിറങ്ങിയപ്പോൾ ചെവിയിൽ ഒരിക്കലും നിലക്കാത്ത രാത്രിയുടെ സംഗീതം അലയടിച്ചു കൊണ്ടിരുന്നു. ഇരുട്ടിൽ അടുത്ത സ്റ്റേജ് ലക്ഷ്യമാക്കി നീങ്ങവേ, കാഴ്ച്ചയുടെ യാഥാർത്ഥ്യവും അയഥാർത്ഥ്യവും കാഴ്ച്ക്കാരന്റെ കയ്യിലാണെന്ന തിരിച്ചറിവിൽ, ആൾത്തിരക്കിനിടയിൽ ഒന്നുറക്കെ കൂവാൻ  എന്റെ മനസ്സ് ശ്രമിച്ചു കൊണ്ടിരുന്നു... ഒരായിരം തവണ...!!!

8 comments:

  1. Replies
    1. അതെ.. കഴിയുന്നില്ല ഇപ്പോഴും..! :-( ഇവിടെ വന്നതിലും വായിച്ചതിലും ഒത്തിരി നന്ദി അമൃതംഗമയ..!!

      Delete
  2. കൂവാമായിരുന്നു

    ReplyDelete
    Replies
    1. കൂ...കൂ... ഞാനുറക്കെ കൂവി നോക്കി.. പക്ഷേ ശബ്ദം പുറത്തു വരുന്നില്ല അജിത്തേട്ടാ... :-( പൂമൊട്ടിനെ കാണാനെത്തിയതിൽ ഒത്തിരി ഒത്തിരി നന്ദി..! വീണ്ടും വരുക..!

      Delete
  3. നല്ല എഴുത്ത്..നല്ല ഭാഷ.അഭിനന്ദനങ്ങള്‍ സുഹൃത്തേ...

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിനു ഒത്തിരി നന്ദി ശ്രീയേട്ടാ... വീണ്ടും വരണമെന്നു അഭ്യർത്ഥിക്കുന്നു... നന്മകൾ നേരുന്നു...

      Delete
  4. ഒരു നാടകം ഇങ്ങനെ വിവരിക്കുന്ന ബ്ലോഗ് പോസ്റ്റ് വായിച്ചതിൽ സന്തോഷം, പുതിയ അറിവും
    ആശംസകൾ

    ReplyDelete
    Replies
    1. ഇവിടെ വന്നതിലും വായിച്ചതിലും ഒരുപാട് നന്ദി... വീണ്ടും വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു..

      Delete

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!