Tuesday, December 11, 2012

ഒരു മരണം..!!


    അന്നു പതിവിലും വൈകിയാണു അയാൾ ഉറക്കമുണർന്നത്. തലേ ദിവസത്തെ ക്ഷീണം അയാളെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. അറുപതു വർഷത്തോളമായി സ്വന്തം തൊഴിലിനെ ഒരു കൂടപ്പിറപ്പിനെ പോലെ കൊണ്ടു നടക്കുകയും രാപകലില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ചായക്കടക്കാരനായ അയാൾ ഒരുപക്ഷെ നിങ്ങൾക്കും സുപരിചിതനായിരിക്കും. വീട്ടിൽ നിന്നും അര ഫർലോംഗ് അകലം മാത്രമുള്ള ത്രിശ്ശൂർ റൈൽവെ സ്റ്റേഷനിൽ എന്നും തിരക്കിട്ടോടുന്ന ആയിരമായിരം അപരിചിതരുടെ മുഖങ്ങളിലേക്ക്പ്രതീക്ഷയോടെ മാറി മാറി നോക്കി, ആവി പാറുന്ന ചായപ്പാത്രം സൈക്കിളിൽ കയറ്റിവെച്ച് അയാൾ ഓടിക്കിതച്ചു കൂകിയാർത്തു വരുന്ന തീവണ്ടികളെ സ്വാഗതം ചെയ്യും.  വണ്ടി വന്നാൽ ഒരു മന്ത്രം പോലെ ആവർത്തിച്ചു ഉരുവിടുന്ന പതിവു പല്ലവിയും ഉറക്കെ വിളിച്ചു പറഞ്ഞ് ഓടാൻ തുടങ്ങും. വണ്ടിക്കൊപ്പം…. അതിലും വേഗത്തിൽ….. 
    ചായ…. ചായചായാ….”

   ഇനി അയാളെ കൂടുതൽ പരിചയപ്പെടാം..പേരു വേലായുധൻ. പ്രായം 70 കഴിഞ്ഞിരിക്കുന്നു. അതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ നിന്നു വായിച്ചെടുക്കാം. ഏതൊരു മനുഷ്യനേയും പോലെ തന്നെ സ്വന്തം കുടുംബത്തിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി ജീവിക്കുന്നതിനിടയിൽ ജീവിതം ആസ്വദിക്കാനോ അതെന്തെന്ന് മനസ്സിലാക്കുവാനോ കഴിയാതെ പോയ ഒരുവൻ. ഒറ്റ മകൻ. ആൺകുഞ്ഞ്..! എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞുഭാഗ്യവാൻ….!!” .ചോരക്കുഞ്ഞിനെ തന്റെ വിറക്കുന്ന കൈകളിലേൽപ്പിച്ച് വേർപിരിയുബോൾ ഭാര്യ സുഭദ്രയുടെ മുഖത്തും വേവലാതി ഒട്ടും കണ്ടില്ല. അവളും മനസ്സിൽ കരുതിയിരിക്കണംഭാഗ്യവാൻ”.
    
    ഇക്കാലമത്രയും അയാൾ ജീവിച്ചു തീർത്തത് മകനു വേണ്ടിയാണു. അവനെ പടിപ്പിച്ച് നല്ല നിലയിലാക്കാൻ അയാൾ സ്വന്തം ജീവിതം വേണ്ടെന്നു വെച്ചു. സ്വന്തം കാലിൽ നിൽക്കാനുള്ള പ്രായമെത്തിയപ്പോൾ  കയ്യിൽ കിട്ടിയതെന്തും വിൽപ്പനചരക്കാക്കുന്ന പുതിയ ലോകത്തിലേക്കു വൻ ഊളിയിട്ടുപോയി. മാസാവസാനം മുറക്കു നടക്കുന്ന ഹൈവേ പോലീസിന്റെ ഹെൽമറ്റ് പരിശോധന പോലെ മാസാമാസം വരുന്ന ഫോൺ വിളികളാണു അവരുടെ ബന്ധം നിലനിർത്തുന്നതു.

    മുഷിഞ്ഞു നാറിത്തുടങ്ങിയ പുതപ്പ് വലിച്ചു മാറ്റുന്നതിനിടെ അയാൾ ക്ലോക്കിൽ നോക്കി. സമയം ആരേയും കാത്തു നിൽക്കാതെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുകയാണെന്ന സത്യം മണി ഒൻപതു അടിച്ച ക്ലോക്കിൽ നിന്നും അയാൾ മനസ്സിലാക്കി. കാലത്തിനൊപ്പം കരുത്തും ചോർന്നു തുടങ്ങിയ വൃദ്ധൻ തപ്പിപ്പിടിച്ചെഴുന്നേറ്റു.ഏകാന്തതയുടെ നീരാളി പ്പിടുത്തം ഇന്ന് അയാളെ ഒട്ടും ഉലക്കുന്നില്ലെന്നു തോന്നി. മുഖം തികച്ചും ശാന്തമാണു. പഴകും തോറും ജീർണ്ണിക്കുന്ന വികാരങ്ങളുടെ വേലിയേറ്റമാണല്ലോ ജീവിതം ! കാലം അയാളിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.

    കാലുകൾ നിലത്ത് ഉറക്കുന്നില്ല. ക്ഷീണം…! വല്ലാത്ത ക്ഷീണം …! ശരീരമാകെ കുഴയുന്നു. മനസ്സിൽ എന്തൊക്കെയോ പന്തികേട് അയാൾക്ക് അനുഭവപ്പെട്ടു. മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് തന്റെ ശരീരത്തെ കാർന്നെടുക്കുന്നതു പോലെ അയാൾക്കു തോന്നി. തപ്പിത്തടഞ്ഞ് അയാൾ തന്റെ കിടക്കയിൽ തന്നെ അഭയം പ്രാപിച്ചു. നെഞ്ചിലെ വേദന കടിച്ചമർത്തുന്നതിനിടയിലും അയാൾ മുഖത്തു പുഞ്ചിരി വിടർത്താൻ ശ്രമിച്ചു. കണ്ണുകൾ പതിയെ അടഞ്ഞു. കാഴ്ച്ച മങ്ങി. കൂവിപ്പാഞ്ഞെത്തുന്ന തീവണ്ടികൾ അയാൾക്കു മുന്നിൽ തെളിഞ്ഞു.  ഇനി യാത്ര.! തന്റെ ജീവിതത്തിനു തിരശ്ശീല വീഴുകയാണെന്ന സത്യം അയാളെ ഒട്ടും അത്ബുതപ്പെടുത്തിക്കാണില്ല.
              **----------------------------------------------------**


    “ വാട്ട് ഹെൽ യു പീപ്പിൾ ആർ ഡൂയിംഗ് ഹിയർ..?? “ ഉറക്കെ ഉയർന്നു കേട്ട ശബ്ദത്തിനു ഉടമ ശങ്കർ. സായിപ്പന്മാർസാൻകർ  എന്നു ഓമനിച്ചു വിളിക്കും. ശരിക്കും പേരു ശങ്കരൻ. പരിഷ്കൃതരുടെ ഇടയിലെത്തിപ്പെട്ടപ്പോൾ അപരിഷ്കൃതമായ പേരിനോടും അതു തനിക്കു ചാർത്തി തന്ന വീട്ടുകാരോടും ഉള്ള അരിശം ഉള്ളീലൊതുക്കി പേരു പരിഷ്കരിച്ച ശങ്കരൻ ഇന്നു ഒരു മൾട്ടി നാഷ്ണൽ കംബനിയിലെ പ്രോജക്റ്റ് ലീഡർ ആണു. നാളെ സബ്മിറ്റ് ചെയ്യണ്ട പ്രോജക്റ്റ് ഇതു വരെ പൂർത്തിയാക്കാൻ കഴിയാത്തതിന്റെ ടെൻഷനിൽ ആണു പുള്ളി. വർക്ക് ചെയ്തില്ലെങ്കിൽ തന്റെ പ്രൊമോഷൻ കയ്യാലപ്പുറതിരിക്കുന്ന തേങ്ങ പോലെയാവുമെന്നു അയാൾക്ക് ഉറപ്പുണ്ടായിരുന്നു. ഇതിനെല്ലാം പുറമേ മാനേജരുടെ തെറി വിളികളും ഒരു ഇടി മുഴക്കം പോലെ മനസ്സിൽ ആവർത്തിക്കപ്പെട്ടപ്പോൾ അയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ടീമിലുള്ള എല്ലാവരേയും കണക്കിനും കണക്കില്ലാതെയും ചീത്ത പറഞ്ഞ്  ഇനിയെന്തു ചെയ്യുമെന്ന വേവലാതിയിൽ തലക്കു കയ്യും കൊടുത്തു കാബിനിൽ ഇരിക്കുംബോളാണു ഇടി വെട്ടേറ്റവനെ പാംബു കടിച്ചു എന്നു പറഞ്ഞതു പോലൊരു ഫോൺ കോൾ.

  “ അച്ചൻ മരണാസന്നനായി കിടക്കുന്നു. ഉടനെ വരുക…”

    ഇതു കേട്ടതും ഷോക്കടിച്ചതു പോലെ അയാൾ വാ പൊളിച്ചു. പുറത്തേക്ക് തള്ളിയ കണ്ണുകൾ ഈറനണിഞ്ഞു. അച്ഛനെ കുറിച്ചോർത്തിട്ടല്ല മറിച്ചു, പ്രോജക്റ്റ് സബ്മിറ്റ് ചെയ്താൽ കിട്ടുമായിരുന്ന സാലറീ ഇൻക്രിമെന്റിനെക്കുറിച്ചായിരുന്നു അയാളുടെ ചിന്ത.! ഹൃദയമില്ലാത്തതിനാൽ ഹൃദയാഘാതം വരില്ലെന്നതു ഒരു അനുഗ്രഹമായി അയാൾക്കു തോന്നി. ഒടുവിൽ പ്രതീക്ഷിക്കാതെ പണി തന്ന സ്വന്തം തന്തയെ മനമുരുകി പ്രാകിക്കൊണ്ട് അയാൾ യാത്ര തിരിച്ചു.

               **----------------------------------------------**

    വേലായുദന്റെ വീട്. രാത്രി സമയം. ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കിയിട്ടില്ലെങ്കിലും നാട്ടുകാർ വിവരമറിഞ്ഞപ്പോൾ മുതൽ വന്നുപോയ്കൊണ്ടിരുന്നു. ഒരു മരണം ലൈവ് ആയി കാണാനുള്ള തിക്കും തിരക്കും. ഇന്നു പ്രസവമായാലും മരണമായാലും ലൈവ് ആണല്ലോ ട്രെന്റ്..! മരിക്കാനോ മരണത്തിൽ നിന്ന് രക്ഷപ്പെടാനോ എന്നു വ്യക്തമല്ലെങ്കിലും കണ്ണീരൊപ്പിക്കൊണ്ടിരിക്കുന്ന സ്ത്രീ ജനങ്ങൾ. മൂക്കിലൂടെയും വായിലൂടെയും വെള്ളം കോരിയൊഴിച്ചു ശ്വാസം മുട്ടിച്ചു ആത്മനിർവൃതി അനുഭവിക്കുകയും മോക്ഷം നൽകാൻ മത്സരിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടർ.  

   ഇവിടേക്കാണു കൂളിംഗ് ഗ്ലാസ് കണ്ണടയും കുട്ടി ട്രൗസറും ധരിച്ച കഥാനായകൻ ശങ്കറിന്റെ വരവ്. ഒരു നിമിഷം പകച്ചു നിന്ന നാട്ടുകാർ പുത്തൻ പണക്കാരന്റെ പെട്ടിയുടെ വലുപ്പം കണ്ടപ്പോൾ അടുത്തേക്കു ഓടിയെത്തി. “ശങ്കർ മോനേ……” തേനും പാലും ഒരുമിച്ചൊഴുകിയ വിളികളിൽ എന്തോ അപകടം അയാൾ മണത്തെങ്കിലും പുറത്ത് പ്രകടിപ്പിച്ചില്ല..! ചലനമറ്റു കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ മുഖത്തു സങ്കടം വരുത്താൻ അയാൾക്ക് ബുദ്ധിമുട്ടേണ്ടിവന്നതുമില്ല. ഇല്ലാത്തത് ഉണ്ടെന്നും ഉള്ളത് ഇല്ലെന്നും പ്രകടിപ്പിക്കാൻ കഴിവുള്ളവരാണല്ലോ ജീവിതത്തിൽ വിജയിക്കുന്നവർ….!

മരിച്ചിട്ടില്ല. കുറച്ചു വെള്ളം തൊട്ട് കൊടുത്തേക്കു….”

   ജനാർദ്ദനൻ മാഷിന്റെ ശബ്ദം കേട്ടപ്പോൾ യാന്ത്രികമായി അയാൾ അതു ചെയ്തു. അയാളുടെ മനസ്സിൽ മുഴുവൻ പണത്തിന്റെ ത്രസിപ്പിക്കുന്ന ഗന്ധവും നഷ്ടബോധത്തിന്റെ നീറലും ആയിരുന്നു. അവിടെ നിൽക്കുന്തോറും അയാൾക്കാകെ ശ്വാസം മുട്ടുന്നതു പോലെ തോന്നി. എത്രയും പെട്ടെന്ന് തിരികെ പറക്കണം എന്ന് അയാൾ മനസ്സിൽ ആവർത്തിച്ചു.

   സമയം രാത്രി 10 മണി. വീട്ടിലെ തിരക്കെല്ലാം ഒഴിഞ്ഞു. ചില കാരണവന്മാർ മാത്രം ബാക്കിയായി. നിശ്ചലനായി കിടക്കുന്ന തന്റെ പിതാവിനെ ഒരു നിമിഷം നോക്കി നിന്ന അയാൾ  ശരീരത്തിൽ ജീവന്റെ ഒരു ലക്ഷണവും കാണുന്നില്ലെന്ന് ഏറെ പ്രയാസപ്പെട്ട് കണ്ടെത്തി. മനസ്സിൽ നിറഞ്ഞ സന്തോഷം മറച്ചു വെച്ച അയാൾ ഡോക്ടറുടെ സഹായം തേടുന്നതു മോശമായതിനാൽ കണ്ണിനു കാഴ്ചയില്ലാത്ത ചില കാരണവന്മാരുടെ സഹായത്തോടെ മരണം സ്ഥിരീകരിച്ചു.  ഒരു ഗ്രൂപ്പ് ചർച്ചക്കുള്ള അംഗബലം അവിടെ ഇല്ലാതിരുന്നതിനാൽ അടുത്തുള്ള ക്രിമറ്റോറിയത്തിലേക്ക് വിളിച്ച് കാര്യങ്ങൾ ഏർപ്പാട് ചെയ്തു. വെളുത്ത തുണിയിൽ പൊതിഞ്ഞു കെട്ടിയ വൃദ്ധന്റെ ശരീരം ആംബുലൻസിൽ കയറ്റുംബോൾ കണ്ണുകൾ നിറക്കാൻ അയാളൊരു പാട് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

   യാത്രാമദ്ധ്യേ, കെട്ടിപ്പൊതിഞ്ഞ വെളുത്ത തുണിക്കെട്ടിൽ തന്റെ പിതാവിന്റെ കൈവിരലുകൾ താളാത്മകമായി ചലിച്ചിരുന്നതു അയാൾ കണ്ടില്ലെന്നു നടിച്ചു. അയാളുടെ സിരകളിൽ പണമെന്ന ഭ്രാന്ത് ഒരു കാട്ടുതീ പോലെ പടർന്നു കഴിഞ്ഞിരുന്നു.

          
              **------------------ശുഭം-----------------**

5 comments:

  1. ഒരുപാട് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട് ഞാന്‍ .. എന്നിട്ടും ഒരു ചായക്കാരനെ കഥാപാത്രമാക്കി ഒരു വരി പോലും ചിന്തിച്ചിട്ടില്ല. ഓരോ മനുഷ്യരിലും ഒരു കഥയുണ്ട് എന്ന് പറയുന്ന പോലെ..
    ഒറ്റവാക്കില്‍ കഥയെ കുറിച്ച് ചോദിച്ചാല്‍ -ഹൃദ്യം എന്ന് മറുപടി.

    പിന്നെ അക്ഷരതെറ്റുകള്‍ വേണ്ടുവോളം ഉണ്ട്. തിരുത്തുമെന്ന് കരുതുന്നു.. പിന്നെ ബ്ലോഗിലെ ഈ കളര്‍ കോമ്പിനേഷന്‍ എന്തോ എനിക്ക് പിടിച്ചില്ല.. വായിക്കാന്‍ ഒരു സുഖം കിട്ടുന്നില്ല. മറ്റുള്ളവര്‍ക്ക് പാസ്‌വേര്‍ഡും ഐ ഡി യും നല്‍കാതെ മാറ്റും എന്ന് കരുതുന്നു.

    ഈ പൂമൊട്ട് ഒരിക്കലും വാടാതിരിക്കട്ടെ.. ചുരുങ്ങിയ പക്ഷം വായനയുള്ളിടത്തോളം കാലമെങ്കിലും.

    ReplyDelete
  2. ഒരുപാട് ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ട് ഞാന്‍ .. എന്നിട്ടും ഒരു ചായക്കാരനെ കഥാപാത്രമാക്കി ഒരു വരി പോലും ചിന്തിച്ചിട്ടില്ല. ഓരോ മനുഷ്യരിലും ഒരു കഥയുണ്ട് എന്ന് പറയുന്ന പോലെ..
    ഒറ്റവാക്കില്‍ കഥയെ കുറിച്ച് ചോദിച്ചാല്‍ -ഹൃദ്യം എന്ന് മറുപടി.

    പിന്നെ അക്ഷരതെറ്റുകള്‍ വേണ്ടുവോളം ഉണ്ട്. തിരുത്തുമെന്ന് കരുതുന്നു.. പിന്നെ ബ്ലോഗിലെ ഈ കളര്‍ കോമ്പിനേഷന്‍ എന്തോ എനിക്ക് പിടിച്ചില്ല.. വായിക്കാന്‍ ഒരു സുഖം കിട്ടുന്നില്ല. മറ്റുള്ളവര്‍ക്ക് പാസ്‌വേര്‍ഡും ഐ ഡി യും നല്‍കാതെ മാറ്റും എന്ന് കരുതുന്നു.

    ഈ പൂമൊട്ട് ഒരിക്കലും വാടാതിരിക്കട്ടെ.. ചുരുങ്ങിയ പക്ഷം വായനയുള്ളിടത്തോളം കാലമെങ്കിലും.

    ReplyDelete
    Replies
    1. മലയാളം ടൈപ്പി പടിക്കുന്നതേ ഉള്ളൂ.. അക്ഷരത്തെറ്റുകൾ തിരുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കാം. പുതുമുഖമായതു കൊണ്ട് ബ്ലോഗറിന്റെ ഡിസൈനുകൾ പരിചയപ്പെടുന്നതേ ഉള്ളൂ. ഉടനെ മാറ്റാം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി നന്ദി.

      Delete
  3. നന്നായി എഴുതി എന്ന് തന്നെ പറയാം ,മറ്റു കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ അടിപൊളി

    ആശംസകൾ

    ReplyDelete
  4. തീർച്ചയായും ശ്രദ്ധിക്കാം. ഈ പ്രോത്സാഹനത്തിനു ഒരുപാട് ഒരുപാട് നന്ദി. ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!