Tuesday, January 1, 2013

സെക്സ്....!!!


ഇന്നു നമുക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെപ്പറ്റി ഞാൻ പറയാതെ തന്നെ നിങ്ങളേവരും ബോധവാന്മാരാണു.. ദാമിനിയോ ജ്യോതിയോ സൗമ്യയോ, പേരെന്തു തന്നെ ആയിക്കൊള്ളട്ടെ സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം അക്രമങ്ങൾ സമൂഹത്തിൽ നിന്ന് തുടച്ചു മാറ്റേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ചു ദശകങ്ങളായി സമൂഹത്തിൽ സ്ത്രീകളുടെ ഉന്നമനമടക്കമുള്ള പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നു നമുക്കറിയാം.. അതിന്റെ തുടർച്ചയായി തന്നെ വേണം ഇത്തരം പൈശാചികമായ സംഭവങ്ങളെ വിലയിരുത്താൻ. വിധ്വംസക ശക്തികൾ സമൂഹത്തിൽ വരുന്ന ഇത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിനു പകരം അടിച്ചമർത്താൻ ശ്രമിക്കുമെന്നതിൽ തർക്കമില്ല. അതിനെതിരെയുള്ള പോരാട്ടം നാം തുടരുക തന്നെ വേണം. കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഓരോ പരിണാമ പ്രക്രിയകളും ഇത്തരം പോരാട്ടങ്ങളിലൂടെ വന്നു ചേർന്നതാണു. പക്ഷേ നമ്മുടെ പോരാട്ടം , അതെങ്ങനെ വേണമെന്നതിനെക്കുറിച്ചു കുറെ കൂടി ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

നിയമത്തിനും നിയമപാലകർക്കും ഇതിനെതിരെ പലതും ചെയ്യാൻ കഴിയുമെന്നതിൽ തർക്കമില്ല. അതു ചർച്ച ചെയ്യേണ്ടതും നിയമങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ വരേണ്ടതും അനിവാര്യം തന്നെ. എങ്കിലും അവരേക്കാൾ അല്പം കൂടി പരിഗണന നൽകേണ്ടതു പൊതുസമൂഹത്തിനു ഇതിലുള്ള പങ്കിനെപ്പറ്റി ചിന്തിക്കുവാനാണെന്നു തോന്നുന്നു. 

ഞാനും നിങ്ങളുമടങ്ങുന്ന പൊതുസമൂഹവും ഈ പ്രശ്നത്തിൽ കുറ്റക്കാരല്ലേ.? സെക്സിനെപ്പറ്റി പേടിയോടെ മാത്രം സംസാരിക്കുകയും അതെന്തോ മഹാ അപരാധമാണെന്നും വലിയ സംഭവമാണെന്നും കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്ന ഓരോ അച്ഛനമ്മമാരും സഹോദരീ സഹോദരന്മാരും ഒരുതരത്തിൽ കുറ്റവാളികൾ തന്നെ. വ്യക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപര്യാപ്തത എന്നു വേണമെങ്കിൽ ഇതിനെ അടിവരയിട്ട് പറയാം. മുസ്ലീം സമുദായത്തിലും ക്രിസ്ത്യൻ സമുദായത്തിലും ഒരു പരിധിവരെ സെക്സ് എഡുക്കേഷൻ എന്ന സങ്കൽപ്പം നിലനിൽക്കുന്നുണ്ടെന്നു തോന്നുന്നു. ക്രിസ്തുവിന്റെ 10 കല്പനകളിൽ ആറാമത്തെ കൽപ്പന വ്യഭിചാരം നടത്തരുതെന്നായിരുന്നത്രേ. അതിനെ പറ്റി പ്രതിപാദിക്കുമ്പോൾ വ്യഭിചാരത്തെപ്പറ്റിയും സെക്സിനെ പറ്റിയും വിസ്തരിക്കേണ്ടി വരുക സ്വാഭാവികമാണു. ഇതെത്രത്തോളം ഫലപ്രദമാണെന്നത് ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ പ്രവചനാതീതമാണു എങ്കിലും പ്രശംസനീയം തന്നെ.

ഈ പരിതസ്തിതികളെല്ലാം നിലനിൽക്കുമ്പോഴും ജനങ്ങൾ ഇന്നും സെക്സിനെ പറ്റി എന്തൊക്കെയോ തെറ്റായ ധാരണകൾ വെച്ചു പുലർത്തുന്നു എന്ന് വേണം കരുതാൻ. വർധിച്ചു വരുന്ന നീലച്ചിത്രങ്ങളുടെ വിപണനം മുതൽ സിനിമകളിലെ സ്ഥിരം റേപ്പ് സീനുകൾ വരെ ഇതിനുത്തരവാദികളാണു. ക്രിത്യമായ രീതിയിലുള്ള ബോധവൽക്കരണങ്ങളിലൂടെ ഒരു പരിധി വരെ കാമത്തോടുള്ള മനുഷ്യന്റെ തെറ്റായ സമീപനങ്ങൾക്ക് അറുതി വരുത്താൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. അപ്പോൾ വീണ്ടും സംശയം.. ആർക്കാണു ബോധവൽക്കരണം നടത്തേണ്ടത്?? സ്കൂൾ വിദ്യാഭ്യാസത്തിനിടയിൽ ഇതു കൂടി തിരുകി കയറ്റി പരീക്ഷിക്കണോ..?? ഇന്നത്തെ കുട്ടികൾ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്കായി ഉഴിഞ്ഞു വെച്ചിരിക്കുന്ന ഗിനിപ്പന്നികളെപ്പോലെയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതെന്തോ ആയിക്കൊള്ളട്ടേ.., നമ്മൾ പറഞ്ഞുവന്നതു ഈ വിദ്യ ആരെ അഭ്യസിപ്പിക്കുമെന്നതാണു..! ഞാനൊരു ചെറിയ കഥ പറഞ്ഞു തരാം. അതു കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കൂ.

അപ്പു നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചു മിടുക്കനാണു. പനത്തിലും മറ്റു പ്രവർത്തനങ്ങളിലുമെല്ലാം വളരെ ആക്ടീവ് ആയ ഒരു കൊച്ചു മിടുക്കൻ തന്നെ. ഗീത അവന്റെ അമ്മ. അച്ഛൻ രാജീവ് ഒരു ബാങ്കുദ്യോഗസ്ഥനാണു. തിരക്കിട്ട ജീവിതത്തിനിടയിൽ വീണു കിട്ടുന്ന അപൂർവ്വം നിമിഷങ്ങളിൽ മാത്രം സ്വന്തം മകനെ കൊഞ്ചിക്കാൻ വിധിക്കപ്പെട്ടയാൾ. സന്തുഷ്ട കുടുംബം. പെട്ടെന്നൊരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ അപ്പു ആകെ വിഷമിച്ചിരിക്കുന്നതു കണ്ട് ഗീത അവനെ സ്നേഹത്തോടെ മാറോടണച്ചു ചോദിച്ചു..

“ എന്തു പറ്റി? അമ്മേടെ അപ്പുക്കുട്ടൻ ആകെ വിഷമത്തിലാല്ലോ..??”

അപ്പു ഒന്നും പറയാതെ തന്റെ ചിന്തകളിൽ തന്നെ മുഴുകി ഇരിപ്പു തുടർന്നു. എന്തോ പന്തികേട് തോന്നിയ ഗീത മകനെ ഒന്നു കൂടി ലാളിച്ചു കൊണ്ട് ചോദ്യം ആവർത്തിച്ചു.. സംശയമൂറുന്ന കണ്ണുകളാൽ ആ കൊച്ചു മിടുക്കൻ അമ്മയെ ഒരു നിമിഷം നോക്കി..

“അമ്മേ.., നിക്കൊരു സംശയം..!!”

“ന്റെ മോനു സംശയോ..? നല്ല കഥയായി.. കണക്കിലും ഇഗ്ലീഷിലും എന്നു വേണ്ടാ പടിക്കുന്ന വിഷയങ്ങളിലെല്ലാം നൂറിൽ നൂറു വാങ്ങുന്ന ന്റെ മോനു ഇനിയെന്താ സംശയം..!”

നിഷ്കളങ്കത തുളുമ്പുന്ന മുഖത്തോടെ ആ കുഞ്ഞു ചോദിച്ചു

“ന്താ മ്മേ ഈ സെക്സ് എന്നു വെച്ചാ”

ഗീതയുടെ മുഖം കടന്നൽ കുത്തിയതു പോലെ ചുവന്നു.. രോഷം ആ മുഖത്തു തിരതല്ലി. ആക്രോശത്തോടെ അവൾ മകനെ പിടിച്ചു കുലുക്കി.

“ന്താടാ നീ ചോയ്ച്ചതു? നിന്റെ ഈ പ്രായത്തിൽ ചിന്തിക്കണ്ട കാര്യാ ഇതൊക്കെ? പോയിരുന്നു പടിക്കടാ..”

അപ്പു ചെവി പൊത്തിപ്പിടിച്ചു. അമ്മ പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുകയാണു. അച്ഛനെ പേടിയില്ലാഞ്ഞിട്ടാണെന്നതിൽ തുടങ്ങി സമൂഹത്തേയും സിനിമകളേയും വരെ അവർ പ്രാകിക്കൊണ്ടിരുന്നു. അവരുടെ ആക്രോശങ്ങൾക്കൊടുവിൽ അപ്പു ഒന്നു തീരുമാനിച്ചു.

“നി ഇല്ല്യ.. അമ്മയോട് സംശയം ചോദിക്കൽ നിർത്തി.”

അവൻ പടിക്കാനായി മുറിയിൽ കയറി.. പുസ്തകം തുറന്നു വെച്ചു കണ്ണുകളോടിച്ചുകൊണ്ടിരുന്നെങ്കിലും അവന്റെ മനസ്സിൽ മുഴുവൻ ഈ ചിന്ത നിറഞ്ഞു നിന്നു.. “ഇത്രമാത്രം തന്നെ ശകാരിക്കാൻ എന്തായിരിക്കും ഈ സെക്സ് എന്നു പറയണ സാധനം..!!”

സമയം രാത്രിയായി.. അച്ഛൻ രാജീവ് വീട്ടിലെത്തി. ജോലിസ്ഥലത്തു നിന്നും കിട്ടിയ എല്ലാ ടെൻഷനും വീട്ടിൽ ഇറക്കി വെക്കുകയാണു അയാളുടെ പതിവ്. മകന്റെ മുറിയിലേക്ക് കണ്ണോടിച്ച അയാളുടെ മുന്നിൽ ചിന്താമഗ്നനായി ഇരിക്കുന്ന മകന്റെ മുഖം തെളിഞ്ഞു.. ഈ ചിന്താക്ലേശത്തിനു കാരണം തിരക്കാനായി അയാൾ അപ്പുവിനെ അടുത്തു വിളിച്ചു. മടിയിൽ കയറ്റി ഇരുത്തി.. മുടിയിലൂടെ വിരലുകൽ ഓടിച്ചു.. പിന്നെ അവനെ എടുത്ത് തനിക്കെതിരായി ടേബിളിന്റെ മുകളിൽ കയറ്റി ഇരുത്തി. അവന്റെ കൗതുകം തുളുമ്പുന്ന കണ്ണുകളിൽ നോക്കി അയാൾ മകന്റെ മുഖം വാടാനുള്ള കാരണമന്വേഷിച്ചു

“എന്തു പറ്റി ന്റെ കുട്ടന്റെ മുഖം കടന്നൽ കുത്തിയ പോലാണല്ലോ? ന്താ കാര്യം? അമ്മ വഴക്കു പറഞ്ഞോ? എങ്കിൽ അവളെ നമുക്കിന്നു ശരിയാക്കണം”

അപ്പുവിന്റെ മുഖം കുറച്ചു തെളിഞ്ഞു. അച്ഛനെങ്കിലും തന്നെ മനസ്സിലാക്കുന്നുണ്ടല്ലോ എന്നവൻ ആശ്വസിച്ചു. വാതിൽക്കൽ അമ്മ എത്തിച്ചു നോക്കുന്നതു അവൻ കണ്ടു. അമ്മ അവിടെ നിന്നു ഉറക്കേ പറഞ്ഞു

“ഒന്നൂല്ലാ. വെറുതേ ആ ചെക്കനെ ഇനീം കൊഞ്ചിച്ചു വഷളാക്കണ്ടാ..”

രാജീവ് ആകെ അങ്കലാപ്പിലായി..

“പറയെടാ മോനേ.. എന്താപ്പൊ ഇവിടെ ണ്ടായതു??”

“അതേയ് ഒന്നൂല്ല അച്ഛാ.. നിക്കൊരു സശയം.. അതു ചോദിച്ചേനാ അമ്മ ങ്ങനെ..!”

 അവൻ പറഞ്ഞു മുഴുമിപ്പിക്കും മുൻപു രാജീവ് ഇടയിൽ കയറി.

“ന്താ ന്റെ മോന്റെ സംശയം?? അച്ഛൻ പറഞ്ഞു തരാല്ലോ..! അമ്മക്കറിയാഞ്ഞിട്ടാവും അമ്മ ചൂടാവണതു..! ഹഹ..”

ചെറിയൊരു പുഞ്ചിരിയോടെ അപ്പു തന്റെ സംശയം ആവർത്തിച്ചു.

“ന്താ അച്ഛാ ഈ സെക്സ് ന്നു വെച്ചാ…??”

പറഞ്ഞ് തീർന്നില്ലാ.. ടപ്പേ ന്നൊരെണ്ണം അപ്പുവിന്റെ ചെകിടത്തു വീണു.. അഞ്ചു വിരലുകളും ക്രിത്യമായി പതിഞ്ഞു.കൂടുതൽ ആക്രോശങ്ങളൊന്നും ഉണ്ടായില്ലെങ്കിലും അതു അപ്പുവിനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൻ തന്റെ കണ്ണൂനീരിനു കാരണമായ ആ നശിച്ച വാക്കിനെ വെറുത്തു.. എങ്കിലും ഈ സംഭവങ്ങൾ അവന്റെ മനസ്സിൽ ആ വാക്കു ആഴത്തിൽ ഉറപ്പിച്ചു. ആ ദിവസം അങ്ങനെ കടന്നു പോയി.. 
പിറ്റേന്ന് കാലത്ത് വീട്ടിൽ പ്രതീക്ഷിക്കാതെ എത്തിയ ശ്രീജുമാമൻ അപ്പുവിന്റെ മുഖത്തെ വിരലുകൾ കണ്ട് ഞെട്ടിപ്പോയി. ശ്രീജു ഗീതയുടെ അനിയൻ മാത്രമല്ല നല്ല ഒരു സൈക്ക്യാട്ട്രിസ്റ്റു കൂടിയാണു. അപ്പുവിന്റെ മുഖത്തെ പാടിനു കാരണം ചോദിച്ചപ്പോൾ ഗീത ഒഴിഞ്ഞു മാറി..

“അതേയ്.. അതിപ്പൊ… അതിപ്പൊ ഒന്നുല്യ ന്റെ ശ്രീജു.. അവന്റെ ഓരോ കുരുത്തക്കേടുകളേയ്…”

ആ വഴിയടഞ്ഞപ്പോൾ ശ്രീജു അപ്പുവിനെ നേരിട്ട് സമീപിച്ചു.. അപ്പുവിനാവട്ടെ ശ്രീജുമാമനെ വലിയ ഇഷ്ടവുമായിരുന്നു. ചോദിച്ചു ചോദിച്ചു ഗത്യന്തരമില്ലാതെയായപ്പോൾ അപ്പു തന്റെ സംശയം തുറന്നു പറഞ്ഞു. അടിയാണോ ചീത്തവിളികളാണോ വരുന്നതു എന്നു നോക്കിയിരുന്ന അപ്പുവിനോട് ശ്രീജു ചെറിയൊരു പുഞ്ചിരിയോടെ ചോദിച്ചു,

“എവടന്നു കിട്ടി അപ്പൂന് ഈ വാക്ക്..??”

അപ്പു തെല്ലും ഭയമില്ലാതെ ഉത്തരം പറഞ്ഞു..

“അതേയ്.. ഇന്നലെ സ്കൂളീന്ന് ടീച്ചറു പൂരിപ്പിക്കാൻ തന്ന ഫോർമിലു പേരും ക്ലാസും കഴിഞ്ഞു സെക്സ് എന്നു ചോയ്ച്ചിട്ടുണ്ട്. അതെന്താ എഴുതണ്ടേന്ന് അറിയാൻ വേണ്ടിയാ…”

 ആ കൊച്ചു കുട്ടിയുടെ വാക്കുകൾ പകുതിയിൽ മുറിഞ്ഞു.. അവനെ ചേർത്തു പിടിച്ച ശ്രീജുവിന്റേയും കണ്ണുകൾ നിറഞ്ഞിരുന്നു. സമൂഹത്തിന്റെ ഈ ദുർഗതിയെ അയാൾ ശപിച്ചു. ഒരായിരം തവണ…
 കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അപ്പു തനിക്കു ചുറ്റും സംഭവിക്കുന്നതെന്തെന്നറിയാതെ മിഴിച്ചിരുന്നു…!

ഇനി നിങ്ങൾ പറയൂ ആർക്കാണു സെക്സ് വിദ്യാഭ്യാസം നൽകേണ്ടതു? നല്ലൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നമുക്കോരോരുത്തർക്കുമുള്ള പങ്കിനെ കുറിച്ചു നാം സ്വയം ബോധവാന്മാരാകേണ്ടതുണ്ട്. സമൂഹത്തെ തിരുത്താൻ ഇറങ്ങിത്തിരിക്കും മുൻപ് നാമോരുരുത്തരും നമ്മുടെ കടമകൾ ചെയ്യാൻ ബാധ്യസ്തരാണെന്ന സത്യം തിരിച്ചറിയുക. സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം വിപത്തുകൾ മുളയിലേ നുള്ളണമെങ്കിൽ സുശക്തമായ ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിലായിരിക്കണം നാം ശ്രദ്ധ ചെലുത്തേണ്ടതു. അതിനായി നമുക്കിടയിലുള്ള തെറ്റിദ്ധാരണകളേയും മുൻവിധികളേയും നമുക്ക് മാറ്റി വെക്കാം…
നല്ലൊരു നാളേക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്………

പൂമൊട്ട്....!!!

22 comments:

  1. ഇഷ്ടായി..
    കുഞ്ഞുമനസ്സിലെ നിഷ്കളങ്കത ആരറിയാൻ..!
    പുതുവൽസരാസംസകൾ

    ReplyDelete
    Replies
    1. പൂമൊട്ടിനെ കാണാനെത്തിയതിൽ ഒരുപാട് സന്തോഷം..ഇനിയും വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. പുതുവത്സരാശംസകൾ..!

      Delete
  2. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
    Replies
    1. ഇവിടെയെത്തിയതിലും എഴുതിയതിലും ഒത്തിരി നന്ദി.. പുതുവത്സരാശംസകൾ..!

      Delete
  3. സോദ്ദേശപരമായൊരു കഥ/ലേഖനം
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ഈ പ്രോത്സാഹനമാണു പൂമൊട്ടിനെ വാടാതെ നിലനിർത്തുന്നതു. ഇനിയും വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒത്തിരി നന്ദി. പുതുവത്സരാശംസകൾ..!

      Delete
  4. നന്നായി ..ആര്‍ക്കാണ് നമ്മള്‍ സെക്സ് പറഞ്ഞു കൊടുക്കേണ്ടത്

    സെക്സ് എന്ന ആ പദത്തെ വളരെ മൃദുവായി അവതരിപ്പിച്ചിരിക്കുന്നു ,,ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി ഒത്തിരി നന്ദി... വീണ്ടും വരുക. പുതുവത്സരാശംസകൾ..!

      Delete
  5. ആശംസകൾ

    അതെ നമ്മുടെ ചിന്തകൾ തന്നെ ഒരു വലിയ ബ്രാകറ്റിൽ ഇട്ടിരിക്കാ , മാറണം നാം

    ReplyDelete
    Replies
    1. മാറ്റങ്ങൾ അനിവാര്യമായിരിക്കുന്നു. ചെത്താനും കൊല്ലാനുമൊക്കെ ഇറങ്ങിത്തിരിക്കും മുൻപ് സ്വയം ഒരു ആത്മ പരിശോധന എല്ലാവരും നടത്തേണ്ടിയിക്കുന്നു. വ്യക്തമായ കാഴ്ച്ചപ്പാടിന്റെ അഭാവത്തിൽ ഒരു സമര മുറകളും വിജയം കാണുകയില്ലെന്നാണു എന്റെ വിശ്വാസം. വായിച്ചതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി നന്ദി. പുതുവത്സരാശംസകൾ..!

      Delete
  6. നല്ല കഥ, അതിലേറെ കാര്യം. നന്നായി, ആശംസകള്‍ !

    ReplyDelete
    Replies
    1. നല്ല ചിന്തകൾ ഉണരട്ടേ.. നന്മയുടെ പ്രകാശം പരക്കട്ടേ.. വായിച്ചതിലും ഇവിടെ എഴുതിയതിലും ഒത്തിരി ഒത്തിരി നന്ദി...

      Delete
  7. ലൈംഗിക വിദ്യാഭ്യാസം പാട്യ പദ്ധതിയില്‍ ഉള്‍പെടുത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ....... ആശംസകള്‍....

    ReplyDelete
    Replies
    1. ലൈംഗിക വിദ്യാഭ്യാസം കുട്ടികൾക്കാണോ മുതിർന്നവർക്കാണോ നൽകേണ്ടതു എന്നു നമ്മൾ ഒരിക്കൽ കൂടി ചിന്തിക്കേണ്ടതുണ്ട്. കുട്ടികളേക്കാൾ അതു ആവശ്യം മുതിർന്നവർക്കാണെന്നാണു എനിക്കു തോന്നുന്നതു... വായിച്ചതിലും എഴുതിയതിലും ഒരുപാട് നന്ദി..!

      Delete
  8. Replies
    1. താങ്ക്യു സംഗീതേട്ടാ... വീണ്ടും കാണുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു..!

      Delete
  9. സമൂഹത്തിനുഒരു സന്ദേശമാണിത്.കുട്ടികള്‍ എന്തെങ്കിലും സംശയംചോതിക്കുബോഴെക്കുംഅവരോടു ചൂടാവാതെ കാര്യങ്ങള്‍ അന്വേഷിച് അവരുടെ സംശയങ്ങള്‍ ദൂരികരിച്കൊടുക്കണം.അല്ലാത്ത പക്ഷംഎന്ത് നടന്നാലുംപേടിച്ചിട്ട് വീട്ടില്‍ പറയാന്‍ മടിക്കും.അത് പലഅന്വര്തതിനും കാരണമാവും സെക്സ് എന്ന വാക്ക്കേള്‍ക്കുംബോഴെക്ക് ചൂടാകെണ്ടാതെന്തിനാനെന്നു മനസ്സിലാകുന്നില്ല?..

    ReplyDelete
    Replies
    1. തീർച്ചയായും സുഹൃത്തേ.. ഇത്തരം ചെറിയ ചെറിയ മാറ്റങ്ങളിലൂടെ സമൂഹത്തിൽ നിന്നും അസ്തമിച്ച നന്മയുടെ പൊൻവെളിച്ചത്തെ തിരികെ കൊണ്ടുവരാൻ നമുക്കു ശ്രമിക്കാം...! ഇവിടെ വന്നതിലും വായിച്ചതിലും എഴുതിയതിലുമൊക്കെ ഒരുപാട് നന്ദി.. ഇനിയും വരുക..!!

      Delete
  10. ഹരി, ചിന്തിച്ച രീതി അഭിനന്ദനീയം. കുട്ടികള്‍ ഏകദേശം ഏഴാം ക്ലാസിനു മുമ്പ് തന്നെ ഇത്തരത്തിലുള്ള എല്ലാ സംശയവും അമ്മയോട് ചോദിക്കുന്നുണ്ട്.അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞു കൊടുത്താല്‍ അത് സ്വീകരിക്കുന്നുമുണ്ട്. അവരോടു ദേഷ്യപ്പെടുന്നതെന്തിന്? 8,9,10ആകുമ്പോഴേയ്ക്കും ഇത്തിരികൂടി അടുപ്പം കുറയും,അമ്മയോട്.അതിനു മുമ്പ് തന്നെ ചോദ്യങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന അളവില്‍ മറുപടി കൊടുക്കാന്‍ മുതിര്‍ന്നവര്‍ പഠിച്ചേ തീരൂ.

    ReplyDelete
    Replies
    1. വന്നതിലും അഭിപ്രായം എഴുതിയതിലും ഒത്തിരി നന്ദി അനിത ചേച്ചി..ചേച്ചിയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.ഇതു തന്നെയാണു ഞാൻ പറയാൻ ഉദ്ദേശിച്ചത്. ഇനിയും വരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു...

      Delete
  11. ശരിയായ കാഴ്ച്ചപ്പാടാണിതെന്ന് കരുതുന്നവര്‍ പോലും ബോധപൂര്‍വ്വം അവഗണിക്കുന്ന ഒന്നാണ് സെക്സ് വിദ്യാഭ്യാസം. കുട്ടികള്‍ കൌതുകം തീര്‍ക്കാന്‍ മറ്റ് വഴികള്‍ കണ്ടെത്തുന്നതിന് മാതാപിതാക്കള്‍ തന്നെ ഒരു പരിധി വരെ കാരണക്കാരാകുന്നുണ്ട്. ഉയര്‍ന്ന ചിന്താഗതികള്‍ക്കാശംസകള്‍ .

    ReplyDelete
  12. തുമ്പി പറഞ്ഞതു വളരെ ശരിയാണു.. ഈ പരിതസ്തിതി മാറേണ്ടതുണ്ട്.. ഇവിടെ പറന്നെത്തിയതിലും പൂമൊട്ടിലെ തേൻ അല്പം നുകർന്നതിലും നന്ദി.. ഒത്തിരി ഒത്തിരി നന്ദി.. വീണ്ടും പൂമൊട്ടുകൾ വിരിയുമ്പോൾ വന്നു നോക്കണേ...!!

    ReplyDelete

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!