Friday, June 15, 2012

ഒരു സ്പിരിട്ടുള്ള ദിവസം...

അവധിക്കാലത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കി  കൊണ്ട് വീണ്ടും  ഒരു ദിവസം കൂടി അവസാനിക്കുന്നു... ഇന്നത്തെ ദിവസതിനു വലിയ  പ്രത്യേകതകളുണ്ടായിട്ടോന്നുമല്ല ഇവിടെ ഇത് കുറിക്കുന്നത്... ഫേസ് ബുക്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഇന്റെര്‍നെറ്റിലെ  എന്റെ ലോകം  ഒന്ന് കൂടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോഗിങ്ങിലേക്ക് കൂടി കടക്കാന്‍ ഞാന്‍ തീരുമാനിച്ചു.. പേരിനു മാത്രം തുടങ്ങി , നിര്‍ജീവമായി കിടന്നിരുന്ന  ഈ ബ്ലോഗ്‌ സജീവമാക്കാനുള്ള എന്റെ ശ്രമം ഇന്ന് തുടങ്ങുന്നു.. വാടാറായ പൂമൊട്ടിനു വെള്ളവും വളവും കൊടുക്കാന്‍ തീരുമാനിച്ച ദിവസം.. !!!

എന്നത്തേയും പോലെ തന്നെ ഇന്നത്തെയും പ്രഭാതം പൂമൊട്ടിനു ഏറെ പ്രതീക്ഷകള്‍ നല്‍കി വിരിഞ്ഞു... പ്രതീക്ഷകള്‍ പക്ഷെ എന്നത്തേയും പോലെ ഇന്ന് പൂര്‍ണ്ണമായും അസ്ഥാനത്തായില്ല ട്ടോ.. വിരസങ്ങളായ നിമിഷങ്ങള്‍ പകലിനെ വിഴുങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഒരു മോചനത്തിനായി പുറത്തേക്കിറങ്ങി.. കറക്കം ചെന്നവസാനിച്ചത്‌ ഷോര്‍ണൂര്‍ സുമ ടാക്കീസിനു മുന്നില്‍... കുറച്ചു കാലത്തിനു ശേഷം നല്ല ഒരു സിനിമ കണ്ടു എന്ന് പറയാം.. സ്പിരിറ്റ്‌... മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭയുടെ അഭിനയ മികവാണോ രഞ്ജിത്ത് എന്ന മികവുറ്റ കലാകാരന്റെ സംവിധാന മികവാണോ ഈ പ്രസ്താവനക്ക് ആധാരം എന്ന് പറയാനാകില്ല.. എങ്കിലും ഈ സിനിമക്ക് നല്ലൊരു ആശയം ജനമനസ്സുകളിലെത്തിക്കാന്‍ കഴിഞ്ഞു എന്നാണെന്റെ വിശ്വാസം .. സമൂഹത്തെ മാറ്റി മറിക്കാനൊന്നും ഒരു കലാസ്രിഷ്ടിക്കും ( വിശേഷിച്ചു സിനിമക്ക്) കഴിയില്ലെന്ന് അറിയാഞ്ഞിട്ടല്ല... എങ്കിലും ഇത്തരം ഒരു സാമൂഹികമായ പ്രശ്നം പ്രേക്ഷകനെ ഒട്ടും ബോറടിപ്പിക്കാതെ എത്ര ലളിതമായി ആവിഷ്കരിക്കാന്‍ കഴിഞ്ഞു എന്നതിലാണ് ഈ സിനിമയുടെ വിജയം... ഏതൊരു കലാകാരനും , കലാസ്രിഷ്ടിയും പൊതു സമൂഹത്തോട് ചെയ്യേണ്ട കടമ നിറവേറ്റപ്പെട്ടു എന്നത് യാഥാര്‍ത്ഥ്യം ...

സിനിമാടാക്കീസിലിരുന്നു ഉറക്കെ കൈകളടിച്ച ശേഷം കാഴ്ചയുടെ മധു നുകര്‍ന്ന് അല്ല.. , അയവിറക്കി എന്ന് വേണം പറയാന്‍.. അങ്ങനെ തിരിച്ചു.. മഴ എന്തോ  എനിക്ക് വേണ്ടി ഇന്ന് മുഴുവന്‍ ഒളിച്ചിരുന്നു.. ഇടയ്ക്കു ഒന്ന് രണ്ടു വട്ടം വന്നു എത്തി നോക്കിയെങ്കിലും പെട്ടെന്ന് പേടിച്ചു പിന്മാറി.. പക്ഷെ തിരിച്ചുള്ള യാത്രയില്‍ ഞാന്‍ കൊതിച്ചിരുന്നു.. ഒന്ന് നനയാന്‍... തിരക്ക് പിടിച്ചു പായുന്ന ഈ വാഹന വ്യുഹം കുറച്ചു നേരത്തേക്കെങ്കിലും അപ്രത്യക്ഷമായേനെ..ചൂട് പിടിച്ച ഷോര്‍ണൂര്‍ നഗരമോന്നു തണുതാറിയേനെ ..   ഈ നഗരവും എന്നും കൊതിക്കുന്നുണ്ടാകും.. ആരാണ് ആഗ്രഹിക്കാത്തത്.. മൂര്‍ധാവില്‍ വന്നു വീഴുന്ന മഴത്തുള്ളികള്‍ ശിരസ്സിലൂടെ താഴേക്കു ഒഴുകുമ്പോള്‍ ഒന്ന് കുളിരണിയാന്‍  ...

റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ ബൈക്കെതിയപ്പോള്‍ ഞാന്‍ ഒന്ന് കാതോര്‍ത്തു ..  ചൂളം വിളിയുമായ് ഏതോ ഒരു തീവണ്ടി ,  സ്റ്റേഷന്‍ ലകഷ്യമാക്കി നീങ്ങുന്നു..   തീവണ്ടി കണ്ടപ്പോള്‍ ഓര്‍മകളുടെ താളുകള്‍ ഒരു പാട് പിന്നിലേക്ക്‌ മറിഞ്ഞു കൊണ്ടിരുന്നു.. എന്‍ സി സി യും ക്യാമ്പുകളും ഒക്കെ മനസ്സില്‍ ഒരു വെള്ളിതിരയിലെന്ന പോലെ തെളിഞ്ഞു.. മറക്കാനാവാത്ത ഒരു പാട് നല്ല ഓര്‍മ്മകള്‍... നഗരത്തിലെ തിരക്കില്‍ നിന്നും ഗ്രാമത്തിന്റെ കൊതിപ്പിക്കുന്ന... അല്ല.. ത്രസിപ്പിക്കുന്ന പച്ചപ്പിലേക്ക്.... റബ്ബര്‍ എസ്റ്റെററുകല്‍ക്കിടയിലൂടെ  വളഞ്ഞും തിരിഞ്ഞും യാത്ര.. പാടങ്ങളും തോടുകളും കുളങ്ങളും എല്ലാം പിന്നിടുമ്പോള്‍ ശുദ്ധമായ ഒരു നാടന്‍ പാട്ട് പോലെ നിഷ്കളങ്കമായ ഗ്രാമത്തിന്റെ ഭംഗി ഞാനാസ്വധിക്കുകയായിരുന്നു..

വീട്ടില്‍ തിരിച്ചെത്തിയിട്ടും മനസ്സില്‍ സ്പിരിറ്റ്‌ നിറഞ്ഞു നില്‍ക്കുന്നു.. ആ ലഹരിയിലാണോ ഈ പോസ്റ്റ്‌ എഴുതുന്നത്‌ എന്നും  സംശയമുണ്ട്‌.. എന്ത് തന്നെയായാലും ആ വരികള്‍ മനസ്സില്‍ നിന്ന് മായുന്നെ ഇല്ല....
" മഴ  കൊണ്ട്  മാത്രം  മുളക്കുന  വിത്തുകള്‍  പലതുണ്ട്  മണ്ണിന്‍  മനസ്സില്‍ ...
പ്രണയത്തിനാല്‍ മാത്രം  എരിയുന്ന  ജീവന്റെ  തിരികലുണ്ടാത്മാവിനുള്ളില്‍ .... "
 

No comments:

Post a Comment

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!